Breaking News

വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി 'ആസ്റ്റർ മിംസ് കാസർഗോഡ്' നാളെ പ്രവർത്തനം ആരംഭിക്കും


കാസർകോട് : 190 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിച്ച, 264 കിടക്കകളുള്ള അത്യാധുനിക ആശുപത്രി കേരളത്തിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ എട്ടാമത്തെ ആശുപത്രിയാണ്.
കാസർഗോഡ്   ഒക്ടോബർ 2, 2025 — രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് നാളെ പ്രവർത്തനം ആരംഭിക്കും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 'ആസ്റ്റർ മിംസ് കാസർഗോഡ്' പൊതുജനങ്ങൾക്കായി സമർപ്പിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി  ശ്രീ. ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി പങ്കെടുക്കും.

കാസർഗോഡ് എം.പി. ശ്രീ.  രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ ശ്രീ. എൻ.എ. നെല്ലിക്കുന്ന്,  ശ്രീ. എ.കെ.എം. അഷ്‌റഫ്, ശ്രീ. ഇ. ചന്ദ്രശേഖരൻ,  ശ്രീ. സി.എച്ച്. കുഞ്ഞമ്പു, ശ്രീ. എം. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ, ചെങ്ങള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഖാദർ ബദരിയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആൻഡ്  കോര്‍പ്പറേറ്റ് അഫയേഴ്സ്  ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ആസ്റ്റർ കേരള ക്ലസ്റ്റർ സിഎംഎസ് ഡോ. സൂരജ് കെ.എം, ആസ്റ്റർ മിംസ് കാസർഗോഡ് & കണ്ണൂർ സിഒഒ ഡോ. അനൂപ് നമ്പ്യാർ ഉൾപ്പടെ, ആസ്റ്ററിന്റെ നേതൃരംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുക്കും

190 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച, 264 കിടക്കകളുള്ള ആശുപത്രി, വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയിൽ, വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന സ്ഥാപനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, 31 മെഡിക്കൽ സ്പെഷ്യാലിറ്റികളുള്ള, ഈ ആശുപത്രി,  കാസർഗോഡും, സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക്, ഏറ്റവും മികച്ചതും, പ്രാപ്യവുമായ ചികിത്സ ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കൂടാതെ 600-ൽ അധികം പുതിയ തൊഴിലവസരങ്ങളാണ്, ആസ്റ്റർ മിംസ് കാസർഗോഡ് തുറന്നിട്ടിരിക്കുന്നത്. ആഗോളനിലവാരത്തിലുള്ള ചികിത്സവൈദഗ്ധ്യവും, പരിചയസമ്പന്നതയും കൈമുതലായിട്ടുള്ള, അറുപതിലധികം ഡോക്ടർമാരുടെ സംഘത്തെയാണ് പുതിയ ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്.

ഉന്നത നിലവാരത്തിലുള്ള ചികിത്സ,  എല്ലാ തരം മനുഷ്യർക്കും, ഒരുപോലെ ലഭ്യമാക്കുക എന്നതാണ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എക്കാലത്തും മുന്നോട്ട് വയ്ക്കുന്ന ദർശനമെന്ന്, ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കേരളത്തിലെ എട്ടാമത്തെ ആശുപത്രിയായ ആസ്റ്റർ മിംസ് കാസർഗോഡ് ഒരു പ്രധാന നാഴികക്കല്ലാണ്. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, ആരോഗ്യ സേവനങ്ങൾ, കൂടുതൽ അടുത്തെത്തിയിരിക്കുകയാണ്. കാസർഗോട്ടെ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് പുതിയ ആശുപത്രി. അത്യാധുനിക സൗകര്യങ്ങൾ, വിദഗ്ധരായ ഡോക്ടർമാർ, അനുഭാവപൂർണമുള്ള പരിചരണം. എല്ലാം നിങ്ങൾക്കായി സമർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

1.5 ടി എംആർഐ,  160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമെന്ന നിലയിൽ, പുതിയ ആശുപത്രി,  മികച്ച രോഗനിർണ്ണയ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. കൂടാതെ, ഹൃദയ, രക്തക്കുഴൽ ശസ്ത്രക്രിയകൾക്കും, ഗുരുതരമായ ഹൃദയ-ശ്വാസകോശ സംബന്ധമായ തകരാറുകൾക്കുള്ള, എക്മോ, ഇസിഎൽഎസ് ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങളുണ്ട്. ഹെമഡ്‌സോർപ്ഷൻ, ( പാമ്പുകടിക്ക് പ്രത്യേക പരിചരണം നൽകുന്നത് ഉൾപ്പടെ) ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളും ലഭ്യമാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഏത് പ്രതിസന്ധി ഘട്ടത്തിലും ഉടനടിയുള്ള ഇടപെടലുകൾക്കായി സജ്ജമാണ്. ട്രോമ, ഹൃദയം, സ്ട്രോക്ക്, കുട്ടികളുടെ അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്ക് വിശ്വസനീയമായ പരിചരണം ഉറപ്പാക്കുന്നുമുണ്ട്. ഇരുപത്തിനാല് മണിക്കൂറും ആംബുലൻസ് സൗകര്യവും, 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിർണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും.

44 തീവ്രപരിചരണ വിഭാഗം കിടക്കകളും, നവജാതശിശുക്കൾക്കായുള്ള 16 എൻഐസിയു കിടക്കകളും 7 പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും 2 മൈനർ ഓപ്പറേഷൻ തിയേറ്ററുകളും  ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കീമോതെറാപ്പി ആവശ്യമുള്ള രോഗികൾക്കായി 7 കിടക്കകളും, ഡയാലിസിസ് ആവശ്യമുള്ളവർക്കായി 15 കിടക്കകളും ഇവിടെയുണ്ടാകും. മികച്ച വൈദ്യസഹായത്തിന് പുറമെ, രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച അന്തരീക്ഷത്തിൽ ചികിത്സ ലഭ്യമാക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

No comments