Breaking News

യുവ സൈനികന്റെ വേർപാട്, തിരുവോണ ദിവസം മലയോരത്തെ കണ്ണീരിലാഴ്ത്തി...


വെള്ളരിക്കുണ്ട് : ഡൽഹിയിൽ സൈനിക വകുപ്പിൽ ഹവിൽദാർ തസ്തികയിൽ  ജോലി ചെയ്ത് വന്നിരുന്ന അരുൺ രാമകൃഷ്ണന്റെ ഭൗതികശരീരം തിരുവോണ ദിവസം  ഉച്ചയ്ക്ക് ശേഷം 2-30 മണിയോടുകൂടി  പന്നിത്തടം, എകെജി നഗറിലെ വീട്ടുവളപ്പിൽ ആയിരക്കണക്കിന് ആളുകളുടെയും, ജനപ്രതിനിധികളുടെയും , രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ, സൈനിക ബഹുമതികളോടെയുള്ള ചടങ്ങുകളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

           2011 ലാണ്  പന്നിത്തടത്തെ രാമകൃഷ്ണൻ തങ്കമണി ദമ്പതികളുടെ മൂത്തമകൻ അരുൺ രാമകൃഷ്ണൻ സൈനിക സർവീസിൽ പ്രവേശിച്ചത്. സിക്കിം, ഗോവ, ജമ്മു-കാശ്മിർ , പഞ്ചാബ്  തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തതിനുശേഷം നിലവിൽ ഡൽഹിയിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ഒരു വർഷത്തിനിടയിൽ ജോലിയിൽനിന്ന് വിരമിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള 12 പേരി ഒന്നാം റാങ്കോട് കൂടി അരുൺ രാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത് . സെപ്റ്റംബർ 10ാം തീയതി ഇവർ ഭൂട്ടാനിലേക്ക് പോകേണ്ട തയ്യാറെടുപ്പിലായിരുന്നു . അതിന്റെ ഭാഗമായുള്ള കായിക പരിശീലനം എല്ലാ മാസവും എന്നതുപോലെ സെപ്റ്റംബർ മാസം ഒന്നാം തീയതിയും ആരംഭിച്ചു. 5 കിലോമീറ്റർ ദൈർഘ്യത്തിൽ ഓടേണ്ട അരുൺ ഓട്ടത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാത ലക്ഷണത്തെ തുടർന്ന് ഒന്നാംഘട്ട സർജറി അടിയന്തരമായി നടത്തി. തുടർന്ന് രക്തസമ്മർദ്ദം കുറഞ്ഞതിന്റെ ഭാഗമായി സെപ്റ്റംബർ 4 ന് പുലർച്ചെ 2 മണിക്കാണ് അരുൺ മരണപ്പെട്ടു എന്ന വിവരം വീട്ടുകാർ അറിയുന്നത്.വെള്ളരിക്കുണ്ട് ബെവ്ക്കോ ജീവനക്കാരി ഭാര്യ ശരണ്യ മൂന്നുമാസത്തെ ലീവെടുത്ത്  ഡൽഹിയിൽ അരുണിനോടൊപ്പം ഉണ്ടായിരുന്നു.  ആശുപത്രിയിൽ അരുണിന്റെ മരണസമയത്തും ശരണ്യ കൂടെ ഉണ്ടായിരുന്നു.

 മരണത്തിന് തൊട്ടുമുമ്പായി അരുൺ രാമകൃഷ്ണന്റെയും ഭാര്യയുടേയും മാതാപിതാക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി. തുടർന്ന് വ്യാഴാഴ്ച പകൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കി. സൈനിക ബഹുമതികൾക്ക് ശേഷം  വൈകിട്ട് 7 മണിയോടുകൂടി ഭൗതികശരീരം വിമാനമാർഗ്ഗം രാത്രി 9:30 ന് മംഗലാപുരത്തെത്തിച്ച് രാത്രിയിൽ കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ സൂക്ഷിച്ചു. വിദേശത്തുണ്ടായിരുന്ന ബന്ധുക്കൾ എത്തിച്ചേർന്നതിനെ തുടർന്ന് തിരുവോണ ദിവസം പകൽ 12 മണിയോടുകൂടി വീട്ടിലെത്തിച്ചു.

         സിപിഐഎം കാസർഗോഡ്  ജില്ലാ സെക്രട്ടറിയും , തൃക്കരിപ്പൂർ എംഎൽഎയും ആയ എം രാജഗോപാലൻ , പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി എം രാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി കെ രാജൻ, പി ആർ ചാക്കോ , എളേരി ഏരിയ സെക്രട്ടറി അപ്പുക്കുട്ടൻ, പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ച് റീത്ത് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മുതിർന്ന പാർട്ടി നേതാവ് മുൻ എം.പി യുമായിരുന്ന പി കരുണാകരൻ, വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളായ പാറക്കോൽ രാജൻ, കെ ലക്ഷ്മണൻ , കെ കുമാരൻ , കയനി മോഹനൻ, എം വി രതീഷ് , ടിവി ജയചന്ദ്രൻ , ടി കെ സുകുമാരൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, പഞ്ചായത്ത് മെമ്പർ എം ബി രാഘവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ വിജയകുമാർ, വിനോദ് പന്നിത്തടം, രമണി രവി , രമണി ഭാസ്കരൻ , കരിന്തളം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ബാലചന്ദ്രൻ , എന്നിവർ  അന്ത്യോപചാര മർപ്പിച്ചു. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ടി നന്ദകുമാർ , ചന്ദ്രൻ വെള്ളരിക്കുണ്ട് , ജില്ലാ കലക്ടർക്ക് വേണ്ടി വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, വെള്ളരിപ്പുണ്ട് സർക്കിൾ ഇൻസ്പെക്ടർ കെ പി സതീഷ് , സബ് ഇൻസ്പെക്ടർ എൻ. ജയരാജൻ, കാസർകോട് ജില്ലാ സൈനിക ക്ഷേമ ഡയറക്ടർക്ക് വേണ്ടി സി ജെ ജോസഫ്, സ്റ്റേഷൻ ഹെഡ്കൊട്ടേഴ്സ് കണ്ണൂർ യൂണിറ്റിന്റെ ടീം കണ്ണൂർ ഡി എസ് സി, പ്രദേശത്തെ വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധസംസ്കാരിക മേഖലകളിലെ പ്രവർത്തകർ റീത്തുകളും , ബൊക്കെയും ഒരുക്കി അന്ത്യോപചാരം അർപ്പിച്ചു.


No comments