Breaking News

കൂട്ടായ്‌മയുടെ കരുത്തിൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി സമാഹരിച്ച സഹായനിധി ചികിത്സാ സഹായ കമ്മിറ്റിക്കു കൈമാറി


ചിറ്റാരിക്കാൽ : കൂട്ടായ്‌മയുടെ കരുത്തിൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി സമാഹരിച്ച സഹായനിധി ചികിത്സാ സഹായ കമ്മിറ്റിക്കു കൈമാറി. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ആയന്നൂരിലെ ടി.പി.മനോജിന്റെ ചികിത്സയ്ക്കാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്‌ച ബിരിയാണി ചാലഞ്ച് നടത്തിയത്. ഇതോടൊപ്പം യുവശക്‌തി ലൈബ്രറി പ്രവർത്തകർ വിവാഹ സൽക്കാരത്തിൽ സദ്യവിളമ്പിയും പണം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ സമാഹരിച്ച 132550 രൂപയാണ് ഇന്നലെ ഗ്രന്ഥശാലയിൽ നടത്തിയ ചടങ്ങിൽവച്ച് ചികിത്സാ സഹായ കമ്മിറ്റിക്കു കൈമാറിയത്.

ഹൃദയപൂർവം ആയന്നൂർ എന്ന പേരിൽ നടത്തിയ പരിപാടി ലൈബ്രറി കൗൺസിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് സമിതി കൺവീനർ കെ.വി.രവി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് സി.ടി.പ്രശാന്ത് അധ്യക്ഷനായി. മനോജ് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ വി.രവീന്ദ്രൻ, ടി.ബി.പ്രസാദ്, എ.ജി.ഭാസ്കരൻ എന്നിവർചേർന്നു തുക ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ഡി.വിനോദ്, പ്രോഗ്രാം കോ ഓർഡിനേറ്റർ എം.പി.വിനോദ് കുമാർ, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എം.പ്രിയ, ജോണി കാരിക്കാട്ടിൽ, സന്തോഷ് കാഞ്ഞിരങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments