Breaking News

സാമിന് വിദേശികളടക്കം പല സ്ത്രീകളുമായുള്ള ബന്ധം, ജെസി ചോദ്യം ചെയ്തതോടെ പക, കൊന്ന് കൊക്കയിൽ തള്ളി; കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പൊലീസ്



കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭർത്താവ് സാം കെ ജോർജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

സെപ്റ്റംബർ മാസം 26 നാണു അൻപതുകാരിയായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ ജെസിയുമായി 26 ന് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29നു മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിനെ പറ്റി ചില സംശയങ്ങൾ തോന്നി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിൻറെ ചുരുൾ അഴിഞ്ഞത്.


സെപ്റ്റംബർ 26 നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം.

No comments