നാടിന് കളിക്കളമൊരുക്കാൻ ചൂണ്ടയിട്ട് നാട്ടുകാർ ; മുക്കട പാലത്തിനു സമീപം ചൂണ്ടയിടൽ മത്സരം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു
കരിന്തളം : കുണ്ടൂർ ദേശത്ത് നാടിന്റെ കൂട്ടായ്മയിൽ തലമുറകൾക്ക് കളിച്ചു വളരാൻ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കളിക്കളത്തിന്റെ പ്രചരണാർത്ഥം ചൂണ്ടയിടൽ മത്സരം നടന്നു. മുക്കട പാലത്തിനു സമീപം കാലിച്ചാമരം യുവശക്തി സ്വയം സഹായ സംഘം സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ഭാവി തലമുറക്ക് കളിച്ചു വളരുന്നതിന് വേണ്ടിയും അതിലുപരി നാടിന് ഒത്തുചേരാൻ ഒരിടം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി കുണ്ടൂരിൽ നിർമ്മിക്കുന്ന കളിക്കളത്തിന് ഫണ്ട് കണ്ടെത്താൻ വിവിധങ്ങളായ മാർഗങ്ങളാണ് സംഘാടകസമിതി സ്വീകരിച്ചിട്ടുള്ളത്. വനിതകളുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമ്മാണം, യുവാക്കളുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്, എന്നിവ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് മുക്കട പാലത്തിനു സമീപം ചൂണ്ടയിട്ടൽ മത്സരം നടന്നത്. മത്സരം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. വി സതീശൻ അധ്യക്ഷനായി. എം ചന്ദ്രൻ, അനീഷ് വി ജി, വി. അമ്പുഞ്ഞി, എൻ വിനോദ്, യു സുരേശൻ, എൻ രാജൻ, എൻ രമേശൻ എന്നിവർ സംസാരിച്ചു. സി പ്രസാദ് സ്വാഗതം പറഞ്ഞു. മത്സരത്തിൽ അജിത് കുമാർ കുന്നുംകൈ ഒന്നാം സ്ഥാനവും, അനന്തു കുണ്ടൂർ രണ്ടാം സ്ഥാനവും നേടി. മത്സര വിജയികൾ സമ്മാനത്തുക കളിക്കളത്തിനായി സ്പോൺസർ ചെയ്തു.
No comments