പാണത്തൂർ ഗവ.ഹൈസ്കൂളിന് ഊട്ടുപുര നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മിഷൻ
പാണത്തൂർ: പാണത്തൂർ ഗവ. ഹൈസ്കൂളിന് ഊട്ടുപുര നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. ഊട്ടുപുര നിർമിക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ സ്വീകരിച്ച് മാർച്ച് 31നകം നിർമാണം പൂർത്തിയാക്കാൻ കമ്മിഷൻ അംഗം ബി.മോഹൻകുമാർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദേശം നൽകി. നിർമാണത്തിന് ആവശ്യമായ സ്ഥലം നിജപ്പെടുത്തി നവംബർ 20നകം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. സ്ഥലം ലഭ്യമാക്കി തരുന്ന സമയത്ത് 2-ാം എതിർകക്ഷി നിർമാണ ജോലിക്കാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തിൽ അനുവദിച്ച തുകയേക്കാൾ അധികമായാൽ അത് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. സ്കൂളിൽ 600 കുട്ടികളാണ് പഠിക്കുന്നത്. കുട്ടികൾ കടവരാന്തയിലും, പുഴവക്കിലും, സ്കൂൾ മൈതാനത്തും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ഭക്ഷണം കഴിക്കുന്ന സമയത്ത് തെരുവ് നായ്ക്കൾ ആക്രമിക്കാൻ വരാറുണ്ടെന്നും അതിനാൽ കുട്ടികൾക്ക് ഊട്ടുപുര നിർമിക്കണമെന്നും ആവശ്യപ്പെട്ട് പാണത്തൂർ സ്കൂൾ മുൻ പിടിഎ പ്രസിഡന്റ് പി.തമ്പാൻ നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. കമ്മിഷന്റെ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
No comments