നാടകത്തെ നെഞ്ചിലേറ്റിചെറുപുഴ തിരുമേനിയിലെ ഇമ്മാനുവൽ
തൃക്കരിപ്പൂർ : ചെറുപുഴ തിരുമേനിയിലെ ചെമ്പരത്തിക്കൽ ഇമ്മാനുവൽ ദാ ഇവിടെയുണ്ട്. മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിന്റെ പന്തലിൽ മുൻനിരയിൽ. 72 വയസ്സായി ഇമ്മാനുവലിന്. 20-ാം വയസ്സിൽ തുടങ്ങിയതാണ് നാടകത്തോടുള്ള ഭ്രമം. പ്രായം നാടകാവേശം ഒട്ടും കുറച്ചിട്ടില്ല. പകൽ മുഴുവൻ കൃഷിപ്പണിയാണ്.
നാടകം ഉണ്ടെന്നറിഞ്ഞാൽ രാത്രി പിന്നെ അവിടേക്ക് ബസ് കയറി യാത്ര. ദിക്കും ദൂരവുമൊന്നും പ്രശ്നമല്ല. മിക്കവാറും എല്ലാ നാടക സമിതിക്കാരുമായും പരിചയമുള്ളതിനാൽ നാടകം കഴിഞ്ഞു തിരിച്ചുവരുമ്പോൾ അവരുടെ വണ്ടിയിയിലായിരിക്കും ചിലപ്പോൾ യാത്ര. ഇത്തവണ മാത്രം വിവിധ ദിക്കുകളിൽ നിന്നായി 11 നാടകങ്ങൾ കണ്ടു. എൻ.എൻ.പിള്ളയുടെ സ്മരണയിൽ സംസ്ഥാന തലത്തിലുള്ള ഏക നാടക മത്സരമാണ് മാണിയാട്ട് നടത്തുന്നത്.
കൃഷിപ്പണി കഴിയുന്നതോടെ തിരുമേനിയിൽ നിന്നു മാണിയാട്ടേക്ക് പുറപ്പെടും. പതിറ്റാണ്ടുകൾക്ക് മുൻപ് കലാനിലയത്തിന്റെ രക്തരക്ഷസ്സാണ് ആദ്യം കണ്ട നാടകം. അവിടുന്നിങ്ങോട്ട് കഴിഞ്ഞദിവസം കണ്ട 'സുകുമാരി' വരെ എണ്ണമറ്റ നാടകങ്ങൾ. നാടകം കഴിഞ്ഞു പലപ്പോഴും വീട്ടിൽ തിരിച്ചെത്തുക പുലർച്ചെക്കായിരിക്കും. അര നൂറ്റാണ്ട് നീണ്ട നാടക യാത്രയിലെ അനുഭവങ്ങൾ ഒട്ടേറെയാണെന്നു അദ്ദേഹം ഓർത്തെടുക്കുന്നു. 23 വരെയാണ് മാണിയാട്ടെ നാടക മത്സരം.
No comments