Breaking News

ലോറിയിൽ നിന്ന് അഞ്ച് ലക്ഷം കവ‍ർന്ന് ക്ലീനർ മുങ്ങി, ഏഴ് മാസത്തെ ആഡംബര ജീവിതത്തിനൊടുവിൽ കാസറഗോഡ് വെച്ച് പിടിയിൽ


മലപ്പുറം: മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. ഏഴ് മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇടുക്കി രാജകുമാരി കാരഞ്ചേരിയില്‍ അനന്ദുവാണ് (26) അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കാസര്‍ക്കോട്ടുനിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ മത്സ്യമൊത്ത മാര്‍ക്കറ്റിലേക്ക് മത്സ്യവുമായെത്തിയ താനാളൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ വ്യാപാരാവശ്യത്തിനായി കരുതിയിരുന്ന പണം കവര്‍ന്ന് അനന്ദു കടന്നുകളയുകയായിരുന്നു. ലോറിയില്‍ ഒരുമാസം മുമ്പ് ക്ലീനർ ജോലിക്കാരനായി കയറിയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പരിചയത്തില്‍ ജോലിക്ക് കയറിയ യുവാവിന്റെ തിരിച്ചറിയല്‍ രേഖകളൊന്നും വാഹനയുടമയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


പൊലീസ് സംഘം ന ടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ മേല്‍വിലാസം കണ്ടെത്തിയെങ്കിലും അനന്ദു നാലുവര്‍ഷം മുമ്പ് നാട്ടില്‍നിന്ന് പോയതായാണ് വിവരം ലഭിച്ചത്. കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാസര്‍ക്കോട്ടുവെച്ച് പിടികൂടാനായത്. മോഷണത്തിനുശേഷം ആഢംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവ് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് തട്ടിപ്പുകള്‍ നടത്തി വരികയായിരുന്നെന്ന് പൊലീസ് പറയുന്നത്.

മറ്റൊരു സംഭവത്തിൽ വടകര അഴിയൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് പനയാല്‍ സ്വദേശി ചേര്‍ക്കപ്പാറ ഹസ്സ മന്‍സിലില്‍ താമസിക്കുന്ന ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. ചോമ്പാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ടി സുനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

No comments