Breaking News

ഈസ്റ്റ്എളേരി കാവുംതല രശ്മ‌ി പബ്ലിക് ലൈബ്രറി സമ്പൂർണ ഡിജിറ്റൈസ്‌ഡ് ലൈബ്രറി ആക്കുന്നു


കാവുംതല:  ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ കാവുംതല രശ്മ‌ി പബ്ലിക് ലൈബ്രറി സമ്പൂർണ ഡിജിറ്റൈസ്‌ഡ് ലൈബ്രറിയാകാനൊരുങ്ങുന്നു. ഗ്രന്ഥശാല ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് ബെന്നി ഫ്രാൻസിസ് അധ്യക്ഷനായി. രക്ഷാധികാരി ഫാ. എബിൻ മടപ്പാംതോട്ടുകുന്നേൽ, പഞ്ചായത്ത് അംഗം സോണിയ വേലായുധൻ, ലൈബ്രറി സെക്രട്ടറി റോഷ്നി സെബാസ്റ്റ്യൻ, ജെറിൻ ജോർജ്, ജെറോം തോമസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച പബ്ലിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇവിടെ കംപ്യൂട്ടർ വൽക്കരിക്കുന്നത്. മുന്നോടിയായി ലൈബ്രറിയിലെ പുസ്‌തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റാ എൻട്രി പ്രവർത്തനങ്ങളും പൂർത്തിയാക്കി. കംപ്യൂട്ടർ വൽക്കരണം പൂർത്തിയാകുന്നതോടെ ഗ്രന്ഥശാലയിലെ 5000 ലേറെള്ള പുസ്‌തകങ്ങളുടെ വിതരണവും മടക്കവുമെല്ലാം ബാർകോഡിനെ അടിസ്‌ഥാനപ്പെടുത്തിയ ലൈബ്രറി മാനേജ്മെന്റ് സംവിധാനത്തിലേക്ക് മാറും. ഇതോടെ ലൈബ്രറി പ്രവർത്തനങ്ങളും പൂർണമായും കടലാസ് രഹിതമാകും.

ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങൾ വായനക്കാരന് ഏതു ലൈബ്രറിയിൽനിന്നും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് ലൈബ്രറി കൗൺസിലിൻ്റെ പബ്ലിക് സോഫ്റ്റ്‌വെയറിലുള്ളത്. വെള്ളരിക്കുണ്ട് താലൂക്കിൽ മിക്ക ലൈബ്രറികളിലും ഡാറ്റാ എൻട്രി പ്രവർത്തനങ്ങൾ നേരത്തെതന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഈസ്‌റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ കാവുംതല ഉൾപ്പെടെയുള്ള 3 ലൈബ്രറികളിൽ അടുത്തിടെ ലാപ്ടോപ്പുകൾ വിതരണം ചെയ്തത്‌. ഈ സൗകര്യങ്ങൾകൂടി പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ കാവുംതല ലൈബ്രറിയും ആധുനീകവൽക്കരിക്കുന്നത്.

No comments