Breaking News

കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗ് ട്രെയിൻ യാത്രയിൽ മോഷ്ടിച്ചയാളെ റെയിൽവേ പൊലീസ് പിടികൂടി


പാലക്കാട്: ട്രെയിൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന യുവാവ് ഷൊർണൂരിൽ റെയിൽവേ പൊലീസിന്റെ പിടിയിൽ. ജന്മനാ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച കാസർകോട് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്. ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ സൈനുലാബുദ്ദീൻ (39) ആണ് പിടിയിലായത്.

റെയിൽവേ സ്റ്റേഷനലുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ ഷൊർണൂർ റെയിൽവേ പൊലീസിനെയും ആർപിഎഫിനെയും സഹായിച്ചത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മംഗള എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ സി കെ ആസിഫ് യാത്ര ചെയ്തിരുന്നത്. ഉറക്കം ഉണർന്നു നോക്കുമ്പോൾ ട്രെയിൻ ഷൊർണൂരിൽ എത്തിയിരിക്കുന്നു. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ആസിഫ് ഉടനെ ഷൊർണൂർ റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു.

പിന്നീട് കേസെടുത്ത് കോഴിക്കോട് മുതലുള്ള വിവിധ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിരൂരിൽ നിന്നും പ്രതി ട്രെയിനിലേക്ക് കയറുന്നതും പട്ടാമ്പിയിൽ ബാഗുമായി ട്രെയിനിൽ നിന്നും ഇറങ്ങി പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. വ്യാഴാഴ്ച്ച പ്രതി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയന്ന് വിവരം കിട്ടിയ പൊലീസ് റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാൽ രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്പെഷ്യൽ ഡ്രൈവിനിടെ ബാഗുമായി പ്രതി റെയിൽവേ പൊലീസിൻ്റെ പിടിയിലാകുകയായിരുന്നു.

No comments