തേങ്ങയിടീൽ യന്ത്രം തകരാറിലായപ്പോൾ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കി
ഉദുമ : തേങ്ങയിടീൽ യന്ത്രം തകരാറിലായപ്പോൾ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കി. മീത്തലേ മാങ്ങാട് കൂളിക്കുന്നിൽ എ ജെ രാജുവാണ് കുടുങ്ങിയത്. ഫൗസിയ ഉസ്മാന്റെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ പകൽ പതിനൊന്നോടെ യന്ത്രം ഉപയോഗിച്ച് കയറി തേങ്ങ പറിച്ചതിനുശേഷം ഇറങ്ങാൻ ശ്രമിക്കവെ മുറിച്ചിട്ട ഓലമടൽ തട്ടി യന്ത്രം തകരാറിലാവുകയായിരുന്നു. ഇറങ്ങാനാകാതെ 60 മീറ്റർ മുകളിൽ അരമണിക്കൂർ രാജു തെങ്ങിനുമുകളിൽ പിടിച്ചുനിന്നു. നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും
താഴെയിറക്കാൻ സാധിക്കാത്തതിനാൽ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും അസി.സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ ലാഡർ ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ തെങ്ങിൽകയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കി. തോട്ടത്തിലെ മുഴുവൻ തെങ്ങിലെയും തേങ്ങ പറിച്ച് അവസാന ഘട്ടത്തിലാണ് യന്ത്രം തകരാറിലായത്. അഗ്നിരക്ഷാസേനയിലെ ഒ കെ പ്രജിത്, എസ് അരുൺകുമാർ, ജിതിൻ കൃഷ്ണൻ, പിസി മുഹമ്മദ് സിറാജുദ്ദീൻ, വിഎസ് ഗോകുൽ കൃഷ്ണൻ, അതുൽ രവി,ഫയർ വുമൺ ഒ കെ അനുശ്രീ, ഹോം ഗാർഡുമാരായ എൻ പി രാകേഷ്, കെ വി ശ്രീജിത്ത്, എസ് സോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 25 വർഷത്തിലധികമായി തെങ്ങുകയറ്റ തൊഴിലാണ് രാജു.
No comments