Breaking News

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരൻ


കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍  കെ.ഇമ്പശേഖര്‍ പറഞ്ഞു. എല്ലാ വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിങ് കഴിഞ്ഞ്, സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. 10ന് വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകള്‍ കൈമാറും. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു.വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികളുടെ വിതരണത്തിനായി ആറു ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മൂന്നു മുന്‍സിപ്പാലിറ്റി തലത്തിലും ഒന്‍പത് സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സ്വീകരണ വിതരണ കേന്ദ്രത്തില്‍ നിന്നും അതാത് ബ്ലോക്ക്/ മുനിസിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്തിന് രാവിലെ 10 മുതല്‍ പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിതരണം ചെയ്തു തുടങ്ങും. ഉച്ചയ്ക്ക് 12നകം ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കും.


No comments