Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകനായ പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു


കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസാ അദ്ധ്യാപകനായ പ്രതിക്ക് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിദൂർ ബജപ്പാ കടവ് ഹൗസിലെ എ അബ്ദുൾ ഹമീദി(46)നെയാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക തടവിനും വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12 വയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2023 നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ്സ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അദ്ധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന വികെ അനീഷ് ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

No comments