ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം: പരപ്പ ബ്ലോക്കിൽ 'സമ്പൂർണ്ണതാ അഭിയാൻ 2.0' ന് തുടക്കമായി
വെള്ളരിക്കുണ്ട് : ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നിതി ആയോഗ് വിഭാവനം ചെയ്ത 'സമ്പൂർണ്ണതാ അഭിയാൻ 2.0' പദ്ധതിയുടെ ലോഞ്ചിംഗ് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്ന ബ്ലോക്കുകളെ ശാക്തീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിലൂടെ ആറ് പ്രധാന മേഖലകളിലാണ് വികസനം ലക്ഷ്യമിടുന്നത്.
ആറ് മാസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ന്യൂട്രീഷൻ പ്രോഗ്രാം, അങ്കണവാടി കുട്ടികളുടെ വളർച്ച നിരീക്ഷണം, അങ്കണവാടികളിലെ ഉപയോഗപ്രദമായ ടോയ്‌ലറ്റ് സൗകര്യം, അങ്കണവാടികളിലെ കുടിവെള്ള സൗകര്യം, സ്കൂൾ വിദ്യാർത്ഥിനികളുടെ ടോയ്‌ലറ്റ് സൗകര്യം, കന്നുകാലികളുടെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് എന്നിവയിൽ 100% ഉറപ്പുവരുത്തുക എന്നിവയാണ് 'സമ്പൂർണ്ണതാ അഭിയാൻ 2.0'-ന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി, എല്ലാ മേഖലകളിലും നൂറു ശതമാനം നേട്ടം കൈവരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളെക്കുറിച്ച് ചടങ്ങിൽ വിശദമായ ചർച്ച നടന്നു. പിന്നാക്കം നിൽക്കുന്ന മേഖലകളെ കണ്ടെത്തി സമയബന്ധിതമായി വികസനം സാധ്യമാക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
സമ്പൂർണ്ണതാ അഭിയാന്റെ ആദ്യഘട്ടത്തിൽ എ.എന്‍.സി രജിസ്‌ട്രേഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍ സ്‌ക്രീനിംഗ്, ഡയബറ്റിസ് സ്‌ക്രീനിംഗ്, ഗര്‍ഭിണികള്‍ക്കുളള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍, സോയില്‍ കാര്‍ഡ് വിതരണം, എസ്.എച്ച്.ജി കള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നീ ആറ് സൂചകങ്ങളിൽ നാലെണ്ണത്തിലും നൂറു ശതമാനം നേട്ടം കൈവരിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നീതി ആയോഗിന്റെ വെങ്കല മെഡൽ നേടിയിരുന്നു.
പരിപാടിയുടെ ഭാഗമായി ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന് കീഴിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്തുന്നതിനായി ബ്ലോക്ക് തല ശില്പശാലയും സംഘടിപ്പിച്ചു. നീതി ആയോഗ് ഡെവലപ്‌മെന്റ് പാർട്ണറായ മൈക്രോസേവ് കൺസൾട്ടിംഗിലെ കെ ഡോ. ആരോക്കിയ രാജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്‌സി മാത്യു, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ്,ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ലത, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ജയചന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ചിത്രലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ - ബ്ലോക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
No comments