കർഷകസ്വരാജ് സത്യാഗ്രഹം രൂക്ഷമാക്കുന്നു. ജനു. 26 മുതൽ വെള്ളരിക്കുണ്ടിന് പുറമെ ഈരാറ്റുപേട്ടയിലും സത്യാഗ്രഹം ആരംഭിക്കും
വെള്ളരിക്കുണ്ട്: വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനം മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹം റിപ്പബ്ലിക് ദിനം മുതൽ തീവ്രമായി അടുത്ത ഘട്ടത്തിലേക്ക് വികസിക്കയാണ്. ജനു. 26 മുതൽ വെള്ളരിക്കുണ്ടിന് പുറമെ ഈരാറ്റുപേട്ടയിലും സത്യാഗ്രഹം ആരംഭിക്കും. മലബാറിലും തിരുവിതാംകൂറിലും രണ്ടു് സത്യാഗ്രഹ കേന്ദ്രങ്ങളിൽ സത്യാഗ്രഹം തുടരുക മാത്രമല്ല അന്നുമുതൽ രണ്ട് കേന്ദ്രങ്ങളിലും 24 മണിക്കൂർ റിലേ ഉപവാസമാരംഭിച്ചു കൊണ്ട് സത്യാഗ്രഹം മുഴുവൻ സമയമാകുകയാണ്.
സത്യാഗ്രഹം രണ്ടു കേന്ദ്രങ്ങളിൽ തീവ്രമാക്കുന്നതിനു മുന്നോടിയായി ജനു. 16 ന് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലേയ്ക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വനത്തിനുള്ളിൽ വന്യജീവികളുടെ ആവാസവ്യവസ്ഥ താറുമാറായിക്കൊണ്ടിരുന്നപ്പോൾ അത് ശാസ്ത്രീയമായി പഠനവിധേയമാക്കി വനം വകുപ്പിനും സർക്കാരിനും യഥാസമയം മുന്നറിയിപ്പുനൽകുന്നതിൽ വനഗവേഷണകേന്ദ്രത്തിന് വന്നിട്ടുള്ള വീഴ്ച തുറന്നു കാണിക്കുന്നതിനാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
കേരള ജനതയുടെ മൂന്നിലൊന്നിനെ ഇപ്പോൾ ബാധിച്ചിട്ടുള്ളതും വരും വർഷങ്ങളിൽ കൂടുതൽ ജനങ്ങളെ ബാധിക്കുന്നതുമായ വന്യജീവി ആക്രമണങ്ങൾ സുസ്ഥിരവും ശാസ്ത്രീയവുമായ പരിഹാരമാർഗ്ഗങ്ങളിലൂടെ നേരിടുന്നതു സംബന്ധിച്ച വ്യക്തതയുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഉടനെ അവതരിപ്പിക്കുന്ന ബഡ്ജറ്റുകളിലൂടെ സന്നദ്ധമാവണം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ മുന്നണികളുടെ പ്രകടനപത്രികളിലും ഈ വിഷയം സംബന്ധിച്ച വ്യക്തമായ നിലപാടുകളും പ്രവർത്തന പദ്ധതികളുമുണ്ടാവണം.
No comments