Breaking News

'നേതൃത്വത്തെ അണികൾ തിരുത്തണം' വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ വൻ ജനാവലി



കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.


പുസ്തക പ്രകാശന ചടങ്ങിൽ ആളുകൾ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോൾ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങൾ നവമാധ്യമങ്ങൾ വഴി വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.


താൻ തുറന്ന് പറച്ചിൽ നടത്തിയ സമയത്തെ ചിലർ വിമർശിച്ചുവെന്നും തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികൾക്ക് മേൽക്കൈ നൽകുമെന്ന് സഖാക്കൾ പറഞ്ഞിരുന്നു. സികെപി പത്മനാഭന് എതിരായ നടപടിയിൽ ജാഗ്രത കുറവ് ഉണ്ടായി എന്നാണ് പാർട്ടി പറഞ്ഞത്. അന്ന് തൃപ്തികരമായ മറുപടി ആയിരുന്നില്ല പാർട്ടി നൽകിയതെന്നും സി കെ പത്മനാഭന് അതൃപ്തി ഉണ്ടായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിലെ പാർട്ടിക്കുള്ളിൽ വളർന്ന അസംതൃപ്തി ആണ് കാരയിലെ വൈശാഖിൻ്റെ വിജയത്തിന് കാരണമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. ഇതിനേക്കാൾ മെച്ചപ്പെട്ട പാർട്ടി കേരളത്തിൽ ഇല്ല. പാർട്ടിക്ക് അകത്ത് സംഭവിക്കാൻ പാടില്ലാത്തത് നടക്കുന്നു. അത് തിരുത്തിയാലേ പാർട്ടിക്ക് മുന്നേറാൻ കഴിയൂവെന്നും ആ ബോധ്യത്തിൽ ആണ് തൻ്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിൽ വരണമെന്നും പാർട്ടി നിലനിന്ന് പോകണമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇന്നത്തെ നേതൃത്വത്തിൻ്റെ പോക്ക് ശരിയല്ല. അത് പാർട്ടിക്കകത്ത് പറഞ്ഞ് പ്രയോജനമില്ലാതെ ആയാൽ ജനങ്ങളോട് പറയണമെന്ന് പഠിപ്പിച്ചത് പാർട്ടിയാണെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.



പാർട്ടിയെ ജാഗ്രതയോടെ വീക്ഷിക്കാൻ അണികൾ സന്നദ്ധമാകണം. വിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ ജീവവായുയാണ്. ഇന്ന് പാർട്ടിക്ക് അകത്ത് വിമർശനം ഉന്നയിക്കുന്നവരെ പ്രത്യേക കണ്ണിലൂടെ നോക്കി കാണുന്നുവെന്നും വിമർശനം ഉന്നയിച്ചാൽ വിരോധം വെച്ച് പുലർത്തുന്നുവെന്നും ഇത് കമ്യുണിസ്റ്റ് പാർട്ടിക്ക് യോജിച്ചത് അല്ലയെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആശയപരമായ ഒരു വിയോജിപ്പും താൻ പ്രകടിപ്പിച്ചില്ല. സാമ്പത്തികം മാത്രം ആണ് പറഞ്ഞത്. ജനങ്ങളിൽ നിന്നാണ് പാർട്ടി പണം പിരിക്കുന്നത്. ഇലക്ടറൽ ബോണ്ട് വഴിയല്ലയെന്നും അദ്ദേഹം പറഞ്ഞു.


രക്തസാക്ഷി ഫണ്ടിൻ്റെ കണക്ക് പറയാം എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അത് പറഞ്ഞാൽ നല്ലതാണെന്നും രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കാൻ സന്നദ്ധമായ അവർ എങ്ങനെ ആണ് ഈ പാർട്ടിയെ നയിക്കുക. അവർക്ക് എതിരെ നടപടി എടുക്കുക അല്ലെ പാർട്ടി ചെയ്യേണ്ടതെന്നും വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഫണ്ട് തട്ടിയവരെ സംരക്ഷിക്കാൻ ആണ് നോക്കുന്നത് എങ്കിൽ പാർട്ടിയെ ആര് രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് പലരും ബന്ധപ്പെടുന്നു ഞങ്ങളുടെ മേഖലയിലും ഇത്തരം വിഷയം ഉണ്ട് എന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ബംഗാളിൽ 35 വർഷം സിപിഐഎം ഭരിച്ചു. അവിടെ പാർട്ടി തകരാൻ കാരണം

ജനങ്ങൾക്കിടെയിലെ അസംതൃപ്തിയാണ്. കേരളത്തിലും പാർട്ടി അങ്ങനെ എത്തില്ല എന്ന് എങ്ങനെ പറയാൻ കഴിയും. അതിനാൽ തെറ്റ് തിരുത്താൻ അണികൾ തയ്യാറാകണം. കണക്ക് മറ്റന്നാൾ പുറത്ത് വിടും എന്ന് സിപിഐഎം പറയുന്നു. എൻ്റെ കണക്ക് പുറത്ത് വന്നാൽ അത് വഴി മറ്റൊരു കണക്ക് തയ്യാറാക്കി അവതരിപ്പിക്കാൻ ആണ് ശ്രമം. പാർട്ടി പറഞ്ഞിട്ടാണ് തെരഞ്ഞടുപ്പ് ഫണ്ട് ഓഡിറ്റ് ചെയ്തത്. മധുസൂദനൻ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയില്ലയെന്നും റിപ്പോർട്ടർ ചാനലിൽ അരുൺ കുമാർ ചോദിച്ച ചോദ്യങ്ങൾക്കും മധുസൂദനൻ മറുപടി പറഞ്ഞില്ല. ഒരു പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതൃത്വത്തോടുള്ള അഭ്യർത്ഥനയാണ് തനിക്ക് ഒരു രേഖയുടെയും ആവശ്യമില്ല. ഫണ്ട് പിരിവിൽ ക്രമക്കേട് നടന്നു എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments