Breaking News

സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന ഇതരസംസ്ഥാനക്കാരെ കാസർകോട് പൊലീസ് പിടികൂടി ആറേ മുക്കാൽ കിലോയുടെ മുക്കിന്റെ ആഭരണങ്ങളും 7 ഗ്രാം സ്വർണവും കണ്ടെത്തി


കാസർകോട് : സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന ഇതരസംസ്ഥാനക്കാരെ കാസർകോട് പൊലീസ് പിടികൂടി. കർണാടക മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി, ഗണേഷ് സോളങ്കി, ഹരിലാൽ, ജീവൻലാൽ എന്നിവരെയാണ് കാസർകോട് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ

സ്പെഷ്യൽ സ്ക്വാഡും കാസർകോട് ടൗൺ പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണ് രീതി. ഇവരുടെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേ മുക്കാൽ കിലോയുടെ മുക്കിന്റെ ആഭരണങ്ങളും 7 ഗ്രാം സ്വർണവും കണ്ടെത്തി. ഇരുന്നൂറ്റന്പതോളം മാലകളാണ് പിടിച്ചെടുത്തത്. സ്വർണമല്ലെന്ന് സാധാരണ പരിശോധനയിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. പരിശോധനയിൽ ആഭരണത്തിൽനിന്ന് ഒരു ഭാഗമാണെന്ന് വിശ്വസിപ്പിച്ച് യഥാർഥ സ്വർണം നൽകും. കച്ചവടം ഉറപ്പിച്ചാൽ വ്യാജ സ്വർണാഭരണങ്ങൾ നൽകിയാണ് കബളിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് കാസർകോടെത്തിയ സംഘം ബേക്കൽ പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ആഭരണങ്ങൾ വിൽക്കാനുണ്ടെന്ന പേരിൽ കാസർകോട്ടെ ചില ജ്വല്ലറികളിലും പ്രതികൾ എത്തിയിരുന്നതായി വിവരമുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. നിലവിൽ ആരെങ്കിലും കബളിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സംഘത്തിലുള്ള മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

No comments