ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നീലേശ്വരം സ്വദേശിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
നീലേശ്വരം: പാലക്കാട്- കോയമ്പത്തൂർ റോഡിലെ മധുരക്കര മരപ്പാലത്തിനു സമീപത്തു നിന്നു ബൈക്കു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചെറുവത്തൂർ, മുണ്ടക്കണ്ടം, കിഴക്കേവീട്ടിൽ നിതിൻ (33), നീലേശ്വരം, ചാത്തമത്ത്, മീത്തലെ വീട്ടിൽ ശ്രീകുമാർ(31), നീലേശ്വരം, പള്ളിക്കര, കനകര വീട്ടിൽ സുധീഷ് (39) എന്നിവരെയാണ് കോയമ്പത്തൂർ, കെ ജി ചാവടി പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്നു 20,000 രൂപയും അക്രമത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു.
പാലക്കാട്, പട്ടാമ്പി, നടുവട്ടത്തെ ലുക്മാൻ മുഹമ്മദ് (56) ആണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ സ്വർണ്ണം വിറ്റത് വഴി ലഭിച്ച 41 ലക്ഷം രൂപയുമായി നാട്ടിലേയ്ക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ലുക്മാൻ മുഹമ്മദ്. മരപ്പാലത്തിനു സമീപത്ത് എത്തിയപ്പോൾ ബൈക്കിനു മുന്നിൽ കാർ റോഡിനു കുറുകെ നിർത്തിയിട്ടാണ് ലുക്മാനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊഴിഞ്ഞമ്പാറ, മേനോൻ പാറയ്ക്കു സമീപത്തു എത്തിച്ച് മർദ്ദിച്ച് അവശനാക്കിയ ശേഷം പണവും മൊബൈൽ ഫോണും ബൈക്കുമായാണ് അക്രമി സംഘം കടന്നു കളഞ്ഞത്. എട്ടുപേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റു പ്രതികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുന്നു.
അറസ്റ്റിലായ നീലേശ്വരം, പള്ളിക്കര സ്വദേശി സുധീഷിനെതിരെ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നീലേശ്വരത്തെ ജയൻ കേസിലെ പ്രതിയാണ് ഇയാളെന്നു കൂട്ടിച്ചേർത്തു.
No comments