Breaking News

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം, ഉടൻ പുറത്തിറങ്ങും


കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡിയും സമൻസും ഉടൻ നൽകും.

അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ച കേസിന്‍റെ ആസൂത്രകൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച പ്രതിയും കുറ്റപത്രം നൽകാൻ വൈകിയതിന്‍റെ ആനുകൂല്യത്തിൽ പുറത്തിറങ്ങുകയാണ്. മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. ജനുവരി 21ന് ആയിരുന്നു പോറ്റിയ്ക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.

പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒന്നാം പ്രതി തന്നെ പുറത്ത് പോകുന്നത് കേസിലെ മെല്ലെപ്പോക്ക് വീണ്ടും ചർച്ചയാക്കും. ഫെബ്രവരി 11 എൻ വാസു, 20 സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും.




No comments