പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 16ന് തുടങ്ങും
പാണത്തൂർ : ചരിത്രപ്രസിദ്ധമായ മഞ്ഞടുക്കം കോവിലകം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ ചടങ്ങ് നടന്നു. രാവിലെ 9 മണി മുതൽ 9.50 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് കൂവം അളക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൻ്റെ ഭാഗമായി മൂത്തേടത്ത്, എളേടത്ത് കാവിൽ ചേവിരി അച്ഛൻ കാലിയാൻ, വണ്ണാത്തൻ എന്നിവർക്ക് നെല്ല് അളന്നു നൽകി. തുടർന്ന് 15 ദിവസത്തിന് ശേഷം ഫെബ്രുവരി 15 ന് മഹാശിവരാത്രി ദിനത്തിൽ ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് അർദ്ധരാത്രിയിൽ ക്ഷേത്ര തെക്കേ വാതിൽ തുറക്കും. 16 ന് തിങ്കളാഴ്ച രാവിലെ പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്ന് നേക്കണീശൻ അവകാശിക്കും, വണ്ണാൻ സമുദായത്തിലെ ആചാരക്കാർക്കും, നാട്ടുകാർക്കും വെറ്റിലടക്ക കൊടുക്കൽ കർമ്മം കാട്ടൂർ നായർ നിർവഹിക്കും.
ഫെബ്രുവരി 19 വ്യാഴാഴ്ച നാലാം കളിയാട്ട ദിനത്തിൽ മൂത്തേടത്ത്, എളേടത്ത് കുതിര് പൂക്കാർ സംഘം പാണത്തൂർ കാട്ടൂർ വീട്ടിൽ എത്തിച്ചേരും. തുടർന്ന് വൈകുന്നേരം പൂക്കാർ മഞ്ഞടുക്കം ക്ഷേത്രത്തിൽ എത്തിച്ചേരും. അന്നേ ദിവസം സന്ധ്യക്ക് മുന്നായരീശ്വരൻ്റെ വെള്ളാട്ടം നടക്കും. ഫെബ്രുവരി 22 ന് ഞായറാഴ്ച ഏഴാം കളിയാട്ട ദിനത്തിൽ ശ്രീ മുന്നായരീശ്വരനും 23 തിങ്കളാഴ്ച എട്ടാം കളിയാട്ട ദിനത്തിൽ ശ്രീ ഭഗവതി അമ്മയും, ക്ഷേത്രപാലകനീശ്വരനും ആചാരക്കാരുടെ കലശത്തോടു കൂടി മുടിയെടുക്കും. തുടർന്ന് തെക്കേ വാതിൽ അടക്കുന്നതോടു കൂടി ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാകും. എട്ട് ദിവസങ്ങളിലായി ക്ഷേത്ര തിരുമുറ്റത്ത് 101 തെയ്യക്കോലങ്ങൾ കെട്ടിയാടും. കളിയാട്ട ദിവസങ്ങളിൽ കേരളത്തിൽ നിന്നും കർണ്ണാടകത്തിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി ഭഗവൽ ദർശനപുണ്യം നേടും. നാലാം കളിയാട്ട ദിവസം മുതൽ മുഴുവൻ ഭക്തർക്ക് അന്നദാനവും ഉണ്ടായിരിക്കും. 24 ന് ചൊവ്വാഴ്ച മേക്കാട്ട് തന്ത്രികളുടെ നേതൃത്വത്തിൽ കലശാട്ടും നടക്കും.
No comments