കർണ്ണാടക കെ എസ് ആർ ടി സി ബസ്സിൽ 22കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇരുപത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
കാസർകോട്: കർണ്ണാടക കെ എസ് ആർ ടി സി ബസ്സിൽ 22കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇരുപത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള ബംബ്രാണി നഗർ ഷബീബ് മൻസിലിൽ സൈനുദ്ദീൻ മകൻ ബി എസ് അബ്ദുൾ സക്കീർ (40) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം. പ്രതി സ്കൂൾ കുട്ടികൾക്ക് മയക്ക് മരുന്ന് വിൽപന നടത്തുന്നതായി വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ പോലീസ് സ്റ്റേഷനിലും, കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലും സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതി കേസ് വിധി പറയാനിരിക്കെ കോടതിയിൽ ഹാജരാകാതെ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വിദ്യാനഗർ ഇൻസ്പെക്ടർ വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് സാഹസികമായി പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ കേസിൽ റിമാന്റ് ചെയ്യുകയും, തുടർന്ന് കേസിൽ വിധി പറയുകയുമാണുണ്ടായത് . 2020 ഫെബ്രുവരി 12 ന് രാവിലെ 7.30 മണിക്ക് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദൻ ഇൻസ്പെക്ടർ എസ് ബി മുരളീധരൻ, പ്രിവന്റീവ് ഓഫീസർമാരായ വി ബാബു,കെ എ ജനാർദ്ദനൻ, നിധീഷ് വൈക്കത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത് .തുടർന്ന് കേസന്വേഷണം നടത്തിയത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി നായർ ഡി. ബാലചന്ദ്രൻ എന്നിവരും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ എസ് കൃഷ്ണകുമാറുമാണ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി ചന്ദ്രമോഹൻ,അഡ്വ.ചിത്രകല എന്നിവർ ഹാജരായി.
No comments