Breaking News

പ്രായം 106, ആവേശം 100% പനത്തടിയിലെ മുത്തശ്ശൻ വോട്ടർക്ക് ഇത്തവണ 'വീട്ടിൽ വോട്ട്'


പനത്തടി : പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും ജനാധിപത്യത്തോടുള്ള ആവേശം ഒട്ടും ചോരാതെ കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ 'വീട്ടിലെ വോട്ട്' (ഹോം വോട്ടിങ്) സംവിധാനത്തിലൂടെയാണ് 106 വയസ്സുകാരനായ എങ്കപ്പു നായ്ക് വോട്ട് ചെയ്തത്. 

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി വില്ലേജിൽ 121-ാം നമ്പർ പോളിംഗ് ബൂത്തിലെ വോട്ടറാണ് എങ്കപ്പ നായ്ക്. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ വോട്ട് രേഖപ്പെടുത്തിയിരുന്നു പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ  ഏറെയുണ്ടെങ്കിലും വോട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആവേശത്തിന് യാതൊരു കുറവുമില്ല. ഇത്തവണ മക്കളോടൊപ്പം സ്വന്തം വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലാണ് അദ്ദേഹം.

കാഞ്ഞങ്ങാട് ആർ.ഡി.ഒ മനോജ്, വെള്ളരിക്കുണ്ട് തഹസിൽദാർ ഷേർലി രാജപ്പൻ, പോളിംഗ് ഉദ്യോഗസ്ഥരായ ബിജു മന്ത്രവാദി, ശ്രീകാന്ത്, മൈക്രോ ഒബ്സർവർ പ്രതിമ, വില്ലേജ് ഓഫീസർ എസ്. അനിൽകുമാർ, ബി.എൽ.ഒ എസ്.എം. പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്

No comments