നിശബ്ദരായ കർഷകർക്ക് ശബ്ദം കൊടുക്കാൻ തോമാപുരത്തു നിന്നും ഒരു ഷോർട് ഫിലിം
ചിറ്റാരിക്കാൽ : കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റി എട്ടാം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ആഗോള സംഗമത്തിന് മുന്നോടിയായി കർഷകരുടെ പ്രശ്നങ്ങളെ യാഥാർഥ്യ ബോധത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് മണ്ണ് സാക്ഷി എന്ന ഷോർട് ഫിലിം. തോമാപുരം ഇടവകയിലെ കലാകാരന്മാരുടെ കൂട്ടായ്മ ഫാ. ഡോ. മാണി മേൽവെട്ടത്തിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഷോർട്ഫിലിം റിലീസ് ആയി ആദ്യ മണിക്കൂറുകളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു.
ഷോർട് ഫിലിം രംഗത്ത് ശ്രദ്ധേയനായ ഡോൺസ് എൻ ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ഫിലിമിന്റെ ക്യാമറ, എഡിറ്റിംഗ്, സൗണ്ട് മിക്സിങ്, കളർ ഗ്രേഡിങ് തുടങ്ങിയവ ചെയ്തിരിക്കുന്നത് ജസ്റ്റിൻ തോമസ് ആണ്. WMC പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും പരിസരവും തന്നെയാണ് ഷോർട് ഫിലിമിന്റെ പ്രധാന ലൊക്കേഷൻ. കർഷകരുടെ വിഷമതകളെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിച്ചു എന്നതാണ് മണ്ണ് സാക്ഷിയുടെ പ്രത്യേകത.
സൈജു പുളിങ്ങോം, ജിമ്മി കാണ്ടാവനത്തിൽ, ജിൻസ് നെല്ലമ്പുഴ, ജോയിച്ചൻ താന്നിക്കൽ, ജെയിംസ് പുതുശ്ശേരി, രേഖ വർഗീസ്, ജോബി കോങ്ങാണ്ടുചാലക്കൽ, അരുൺ സണ്ണി, ക്രിസ്റ്റോ ജസ്റ്റിൻ, നെസ്സാ ജോമേഷ്, ഏബൽ ക്രിസ്റ്റി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മികച്ച ഒരു ആശയം മുൻപോട്ട് വച്ചിട്ടാണ് മണ്ണ് സാക്ഷി എന്ന ഷോർട് ഫിലിം അവസാനിക്കുന്നത്. മലയോര കർഷകരുടെ ഇടയിൽ ഇപ്പോൾ തന്നെ ഷോർട് ഫിലിം ഒരു ചർച്ച വിഷയമായി മാറിയിരിക്കുന്നു. കർഷകർ പറയാൻ ആഗ്രഹിച്ച എല്ലാ പ്രശ്നങ്ങളും മണ്ണ് സാക്ഷി പൊതു സമൂഹത്തോട് ചർച്ച ചെയ്യുന്നു. വരും ദിവസങ്ങളിൽ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറും മണ്ണ് സാക്ഷി എന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു.
ഷോർട്ട് ഫിലിം ലിങ്ക് :
https://youtu.be/Frjk2xmkiX0?si=Ywr1GEU8bcaOBx40
No comments