തൃക്കരിപ്പൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയായ 231 കോടി രൂപയുടെ മൂന്ന് പദ്ധതികൾ മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
ചിറ്റാരിക്കാൽ : തൃക്കരിപ്പൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയായ 231 കോടി രൂപയുടെ മൂന്ന് പദ്ധതികൾ മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. 123 കോടി രൂപ ചിലവിൽ 58 കിലോമീറ്റർ വരുന്ന ചെറുവത്തൂർ ചീമേനി കടുമേനി ഓടക്കൊല്ലി ഭീമനടി റോഡിന്റെ മൂന്ന് റീച്ചിൽ പൂർത്തിയായ രണ്ടും, മൂന്നും റീച്ചും, 89 കോടി രൂപ ചിലവിൽ നിർമിക്കുന്ന മലയോര ഹൈവേയുടെ ചെറുപുഴ കോളിച്ചാൽ റീച്ചിൽ പൂർത്തിയായ തൃക്കരിപ്പൂർ മണ്ഡലത്തിൽ വരുന്ന ഭാഗവും, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 19 കോടി രൂപ ചിലവിൽ നിർമിച്ച പെരളം കമ്പല്ലൂർ കടൂമേനി പാവൽ ചിറ്റാരിക്കാൽ റോഡുമാണ് മന്ത്രി റിയാസ് ഓൺലൈനായി നാടനിന് സമർപ്പിച്ചു. ചെറുവത്തൂർ, കയ്യൂർ ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചെറുവത്തൂർ ചീമേനി ഓടക്കൊല്ലി ഭീമനടി റോഡ് 123 കോടി രൂപ ചിലവിൽ നിർമിച്ചത്. എം രാജഗോപാലൻ എംഎൽഎയുടെ സ്വപ്ന പദ്ധതിയാണ് ഈ റോഡ്. ഒന്നാം റീച്ചിന്റെ ചെറിയൊരു ഭാഗം കൂടി പൂർത്തിയായാൽ റോഡ് പൂർണമാകും. കരാറുകാരുടെ അനാസ്ഥയിൽ ആദ്യകാലത്ത് കുറച്ചു പ്രതിസന്ധി ഉണ്ടായെങ്കിലും എംഎൽഎയുടെ കർശന നിലപാട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. ആദ്യ റീച്ചിൽ ചീമേനി വരെ ഏഴ് മീറ്ററും ബാക്കി 5.5 മീറ്ററും വീതിയിൽ മെക്കാഡം ടാറിങ്ങാണ് നടത്തിയത്. ഇരുവശങ്ങളിലും ട്രെയിനേജും, 39 കലോമീറ്റർ ഫുട്പാത്തും, 47 കലുങ്കുകളും ഉണ്ട്. ചീമേനി, കാക്കടവ്,മൗക്കോട്, കടുമേനി, പാലാവയൽ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, നർക്കിലക്കാട്, ഭീമനടി ടൗണുകളുടെ അഭിവൃദ്ധിക്ക് ഈ റോഡ് കാരണമാകും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി വി അനു, ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങളായ സിന്ധു മാത്യു, എൻ വി ശിവദാസൻ, ഷെർളിൻ പുത്തൻപുരയിൽ, പി വി സതീദേവി, സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ശ്രീനിത്ത്കുമാർ നന്ദിയും പറഞ്ഞു.
No comments