കാസർകോട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു
കാസർകോട്: കാസർകോട്, നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കർണാടക, ഗദഗ്, ബലേഗ ഹൊസൂരിലെ ചന്ദ്രശേഖർ സുരേഷ് പട്ടാട് (38) ആണ് കൊല്ലപ്പെട്ടത്. കാസർകോട്ട് താമസിച്ച് ജോലി ചെയ്തുവരുന്ന ബന്ധുക്കളും നാട്ടുകാരായ ചിലരും ജനറൽ ആശുപത്രിയിലെത്തി മൃതദേഹം ചന്ദ്രശേഖറിന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ കർണാടക സ്വദേശികളായ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു ചൊവ്വാഴ്ച രാത്രി 10.15 മണിയോടെയാണ് നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. അടിവസ്ത്രം മാത്രമേ മൃതദേഹത്തിൽ ഉണ്ടായിരുന്നുള്ളു. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അകത്തും വഴിയിലും ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റപാടുകളും തലയിൽ ആഴത്തിലുള്ള മുറിവുള്ളതായും പരിശോധനയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ബി വി . വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തുനിന്ന് ചുക്കിച്ചുളുങ്ങിയ നിലയിൽ ലഭിച്ച ഒരു ആധാർ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലയാളികളെ കണ്ടെത്താൻ സഹായിച്ചത്. പ്രസ്തുത ആധാർ കാർഡുമായി, കർണാടക സ്വദേശികൾ താമസിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ എത്തിയ പൊലീസ് സംഘമാണ് കൊലയാളികളെ തിരിച്ചറിഞ്ഞത്.
No comments