പൂരക്കളിയും പൂരമാലയും പൂരച്ചോറും മറത്തുകളിയും പൂവിടലും കാമരൂപമൊരുക്കലുമൊക്കെയായി വടക്കൻ കേരളത്തിന്റെ തനത് വസന്തോത്സവമായ വടക്കിന്റെ പൂരോത്സവത്തിന് തിങ്കളാഴ്ച തുടക്കം
നീലേശ്വരം : പൂരക്കളിയും പൂരമാലയും പൂരച്ചോറും മറത്തുകളിയും പൂവിടലും കാമരൂപമൊരുക്കലുമൊക്കെയായി വടക്കൻ കേരളത്തിന്റെ തനത് വസന്തോത്സവമായ വടക്കിന്റെ പൂരോത്സവത്തിന് തിങ്കളാഴ്ച തുടക്കം. ഒന്പതുദിവസം കാവുകളിലും തറവാട്ടകങ്ങളിലും വീടുകളിലുമൊക്കെ പെൺകുഞ്ഞുങ്ങൾ ആഘോഷിക്കുന്ന പൂരം. നരയൻ പൂവും, ചെമ്പകവും, ചെമ്പരത്തിയും, അതിരാണിപ്പൂവുമൊക്കെ പൂക്കുട നിറച്ച്, നിരത്തിവെച്ച പലകമേൽ വിതറി കാമദേവനെ വണങ്ങുന്ന പൂരക്കാലം. അവസാനദിവസമായ പൂരത്തിന്റെ തലേന്ന് പൂക്കൾ കൊണ്ടൊരുക്കുന്ന കാമരൂപം. കാമദേവനെ ഒരുക്കാൻ ഉപയോഗിക്കുന്നത് പ്രധാനമായും നരയൻ പൂക്കളാണ്. പുല്ലാഞ്ഞി എന്നാണ് നാട്ടുപേര്. വേനൽ കടുത്തതോടെ പുല്ലാഞ്ഞികൾ പൂത്ത് ഇലകൾ പുറത്ത് കാണാത്തവിധം വസന്തം തീർത്തിരിക്കുന്നു. വെള്ളം വേണ്ടാത്തതിനാൽ തന്നെ ചെങ്കൽപാറകളിലും വരണ്ട ചരൽമണ്ണിലും പുല്ലാഞ്ഞി യഥേഷ്ടം വളരുന്നു. മറത്തു കളിയും, പൂരം കുളിയും കഴിയുന്നതോടെ പുരോത്സവത്തിന് പരിസമാപ്തിയാവും. “ഇനിയത്തെ കൊല്ലവും നേരത്തേ കാലത്തെ വരണേ കാമ” എന്ന വിളിയുമായി കന്യകമാർ കാമദേവവനെ യാത്രയാക്കുന്നതോടെ വസന്തോത്സവത്തിന് തിരി താഴും.
No comments