Breaking News

പനത്തടി സെയ്ന്റ് ജോസഫ് ഫൊറോനാ തീർഥാടനദേവാലയത്തിലേക്കുള്ള സാൻജോസ് മഹാതീർഥാടനത്തിന് ആയിരക്കണക്കിന് വിശ്വാസികൾ.


രാജപുരം : പനത്തടി സെയ്ന്റ് ജോസഫ് ഫൊറോനാ തീർഥാടനദേവാലയത്തിലേക്കുള്ള സാൻജോസ് മഹാതീർഥാടനത്തിന് ആയിരക്കണക്കിന് വിശ്വാസികൾ. മാലോത്ത് സെയ്ന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്കുശേഷം ബുധനാഴ്ച രാത്രി ഒൻപതോടെ തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ. ജോസഫ് പാംപ്ലാനിയാണ് കാൽനടയായി പുറപ്പെട്ട ആദ്യ തീർഥാടകസംഘത്തിന് നേതൃത്വം നൽകിയത്. 

ബുധനാഴ്ച രാത്രി 12-ഓടെ പടിമരുത്, പടുപ്പ്, പാണത്തൂർ ദേവാലയങ്ങളിൽനിന്നും അതിരൂപതാ വികാരി ജനറാൾമാരുടെ നേതൃത്വത്തിലുള്ള തീർഥാടകസംഘങ്ങളും പുറപ്പെട്ടു. അതിരൂപതയുടെ കാസർകോട് റീജണിൽ ഉൾപ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർകോട് ഫൊറോനകളിലെ 75 ഇടവക ദേവാലയങ്ങളിൽനിന്നുള്ള വിശ്വാസികളും കണ്ണൂർ-കാസർകോട് ജില്ലകളിലെ വൈദികർ, വൈദികവിദ്യാർഥികൾ എന്നിവരുമാണ് തീർഥാടകസംഘത്തിലുള്ളത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പനത്തടിയിലെ തീർഥാടനദേവാലയത്തിലെത്തുന്നതരത്തിലാണ് യാത്ര ആസൂത്രണം ചെയ്തത്. മലയോരത്തെ നാല് ദേവാലയങ്ങളിൽനിന്നും നാല് സംഘങ്ങളായി കിലോമീറ്ററുകളോളം ദൂരം രാവിനെ പകലാക്കിയാണ് പതിനായിരത്തിലധികം വിശ്വാസികൾ കാൽനടയായി തീർഥാടനകേന്ദ്രത്തിലെത്തുന്നത്.

No comments