അതിവേഗം കടന്നുവരികയായിരുന്ന ഗുഡ്സ് ടാങ്കറിന് മുന്നിൽ പെടുമായിരുന്ന സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി പരപ്പ ബാനം സ്വദേശിയായ ആശുപത്രി ജീവനക്കാരൻ
നീലേശ്വരം : അതിവേഗം കടന്നുവരികയായിരുന്ന ഗുഡ്സ് ടാങ്കറിന് മുന്നിൽ പെടുമായിരുന്ന സ്ത്രീയെ അതി സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രി ജീവനക്കാരൻ.
നീലേശ്വരം തേജസ്വിനി ആശുപത്രി ജീവനക്കാരൻ പരപ്പ ബാനത്തെ ബി.നിഷാന്താണ് ഇവർക്ക് രക്ഷകനായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നീലേശ്വരം മേൽപ്പാലത്തിന് കീഴെ മന്നൻപുറത്ത് കാവ് കിഴക്ക കമാനത്തിന് മുന്നിലാണ് സംഭവം. ഇതു വഴി കടന്നുവരികയായിരുന്ന സ്ത്രീ അശ്രദ്ധമായി റെയിൽവേ ട്രാക്കിലേക്ക് കയറുന്നതിനിടെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പിന്നിട്ട് ഹോൺ മുഴക്കി കടന്നുവരികയായിരുന്നു ഗുഡ്സ് ടാങ്കർ. മറുവശത്ത് തേജസ്വിനി ആശുപത്രിയിൽ നിന്നിറങ്ങി കാവിന് സമീപത്തെ അംബികാ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി വരികയായിരുന്നു നിഷാന്ത്. അപകട സാധ്യത ശ്രദ്ധയിൽ പെട്ടതോടെ മറുവശത്തു നിന്ന് കൈ ഉയർത്തിയും എന്നിട്ടും കേൾക്കാതായപ്പോൾ ട്രാക്കിനടുത്തേക്ക് കയറി നിന്നും അത്യുച്ചത്തിൽ കൂവി വിളിക്കുകയായിരുന്നു നിഷാന്ത്. ഒടുവിൽ ഇവർ കേട്ട് റെയിൽവേ ട്രാക്കിൽ നിന്ന് പിന്നോട്ടേക്ക് ചാടിയിറങ്ങിയതും ഗുഡ്സ് ടാങ്കർ കടന്നുപോയതും ഒരുമിച്ചായിരുന്നു. ഭയന്നുവിറച്ച് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പോയ നിലയിലായിരുന്ന ഇവർ വെപ്രാളത്തോടെ അതിവേഗം ട്രാക്ക് കടന്ന് മറുവശത്തേക്ക് പോകുകയും ചെയ്തു. റെയിൽവേ ട്രാക്കിൽ നിരവധി അപകടങ്ങളും അപകട മരണങ്ങളും ആത്മഹത്യകളും നടന്ന ഇടമാണ് ഇവിടം. തേജസ്വിനി സഹകരണാശുപത്രി ജീവനക്കാരനായ നിഷാന്ത് ബാനം പൊതുപ്രവർത്തകനുമാണ്. ഡിവൈഎഫ്ഐ ബാനം മേഖലാ ട്രഷറർ, സിപിഎം ബാനം ബ്രാഞ്ച് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
No comments