കാസർഗോഡ് ബെള്ളൂരിൽ സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയിൽ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം
കാസർകോട്: സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയിൽ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം. ബെള്ളൂർ, മുക്കടംഗോളിയിലെ ചിക്കപ്പ-രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരണപ്പെട്ടത്. മധൂർ, പട്ള ഗവ. സ്കൂളിനു സമീപത്തെ അബ്ദുള്ള എന്നയാളുടെ വീട്ടുമുറ്റത്തെ സ്വിമ്മിംഗ് പൂളിലാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ ഉണ്ടായ അപകടം സംബന്ധിച്ച വിവരം മണിക്കൂറുകൾ വൈകി രാത്രിയിലാണ് പുറത്തറിഞ്ഞത്. ഫയർഫോഴ്സ് എത്തിയാണ് പ്രഭാകരറൈയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. മുഹാദ് എന്ന ആൾക്കാണ് സ്വിമ്മിംഗ് പൂളിലെ നിർമ്മാണ ചുമതല. ഇദ്ദേഹത്തിന്റെ സഹായിയായാണ് പ്രഭാകര എത്തിയത്. നോമ്പ് ആയതിനാൽ മുഹാദ് വൈകുന്നേരം നാലു മണിയോടെ ജോലി നിർത്തിയിരുന്നു. പ്രഭാകരറൈയോടു ജോലി നിർത്തിപ്പോകാൻ പറഞ്ഞ ശേഷമാണ് സ്ഥലത്ത് നിന്ന് താൻ പോയതെന്നു മുഹാദ് പറഞ്ഞു. അതിനു ശേഷമായിരിക്കും അപകടം ഉണ്ടായതെന്നു സംശയിക്കുന്നു. ജോലി കഴിഞ്ഞ് പ്രഭാകര വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലു മണി കഴിഞ്ഞാണ് അപകടം ഉണ്ടായതെന്നു വ്യക്തമായതായി പറയുന്നു. ഭാര്യ: അക്ഷത. തുഷാൻ ഏക മകനാണ്. സഹോദരങ്ങൾ: സുധാകരറൈ, കരുണാകര
No comments