പാണത്തൂർ - സുള്ള്യ പാതയിൽ ഗതാഗത നിരോധനം; നാഗപട്ടണം പാലം ഒന്നര മാസത്തേക്ക് അടച്ചിടും
സുള്ള്യ: സുള്ള്യ താലൂക്കിലെ ആലട്ടി-ബട്ടഡുക്ക-കൂർണടുക്ക ജില്ലാ പ്രധാന റോഡിലുള്ള നാഗപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഏപ്രിൽ 15 മുതൽ മെയ് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സുള്ളിയയിൽ നിന്ന് ഏകദേശം 0.80 കിലോമീറ്റർ ദൂരത്തിൽ പയസ്വിനി പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ ബെയറിംഗുകളും എക്സ്പാൻഷൻ ജോയിന്റുകളും മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഈ പ്രവൃത്തികൾ നടക്കുന്ന സമയത്ത് പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അസാധ്യമായതിനാലാണ് നിയന്ത്രണമെന്ന് മംഗളൂരു ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പകരമുള്ള യാത്രാമാർഗ്ഗങ്ങൾ:
പാണത്തൂർ, കല്ലപ്പള്ളി ഭാഗങ്ങളിൽ നിന്ന് പോകുന്നവർക്ക് ബട്ടഡുക്ക - കൂർണടുക്ക - കുമ്പളച്ചേരി വഴി പെരാജെയിലൂടെ സുള്ള്യയയിലേക്ക് എത്താം.
ഈ പാലം പണി പൂർത്തിയാകുന്നതുവരെ യാത്രക്കാർ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യർത്ഥിച്ചു.
No comments