എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന
തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽപിജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600ലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിക്കുന്നു. ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക എൽ.പി.ജി സിലിണ്ടറുകളും സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു.
കൂടാതെ ഏപ്രിൽ 10ന് രാത്രി സാധുവായ രേഖകളില്ലാതെ ഒരു വാഹനത്തിൽ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എൽപിജി സിലിണ്ടറുകൾ പൊലീസ് തടയുകയും സിവിൽ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിക്കുകയും തുടർന്ന് മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും എൽപിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും 1955-ലെ അവശ്യസാധന നിയമപ്രകാരവും തുടർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായവയും ഉൾപ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതർ അറിയിച്ചു.
No comments