Breaking News

കേരളത്തിലെ ഹിന്ദി കവി ഡോ. ആനന്ദകൃഷ്ണൻ എടച്ചേരിക്ക് അംബേദ്കർ കീർത്തി പുരസ്‌കാരം


അഖിൽ ഭാരതീയ കബീർ മഠം, സദ്ഗുരു കബീർ ആശ്രമം സേവാ സൻസ്ഥാൻ (ബഡി ഖാട്ടു), ഡോ. അംബേദ്കർ പ്രതിമ അനാവരണ സേവാ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 14-ന് രാജസ്ഥാനിലെ നാഗൗർ ജില്ലയിലുള്ള രോഹിണിയിൽ സംഘടിപ്പിക്കുന്ന ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷ ചടങ്ങിൽ വെച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ ഹിന്ദി കവി *ഡോ. ആനന്ദകൃഷ്ണൻ എടച്ചേരിക്ക്* പുരസ്കാരം നൽകും. 

വിദ്യാഭ്യാസം, സംസ്‌കാരം, സാഹിത്യം, ഹിന്ദി പ്രചാരണം എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് 'ഡോ. അംബേദ്കർ കീർത്തി പുരസ്‌കാരം - 2026' നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.

കബീർ ആശ്രമം സ്ഥാപകനും ദേശീയ അധ്യക്ഷനുമായ മഹന്ത് ഡോ. നാനക് ദാസ് ജി മഹാരാജിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ഈ ചടങ്ങിൽ നാഗൗർ എം.എൽ.എ ഹരേന്ദ്ര മിർധ മുഖ്യാതിഥിയായിരിക്കും. ലണ്ടൻ ഓർഗനൈസേഷൻ ഓഫ് സ്കിൽ ഡെവലപ്‌മെന്റ് സി.ഇ.ഒ പ്രൊഫ. ഡോ. പരിൻ സോമാനി, മുൻ സംസ്ഥാന മന്ത്രി ഡോ. മഞ്ജു മേഘ്‌വാൾ, പത്മശ്രീ ഹിമ്മതാറാം ഭാംഭു, നാഗൗർ ജില്ലാ കളക്ടർ ഡോ. അമിത് യാദവ്, രോഹിണി ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ മഹേഷ് ചന്ദ്ര ശർമ്മ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ബാബാ സാഹിബ് അംബേദ്കറുടെ 135-ാം ജന്മദിനാഘോഷത്തോടൊപ്പം രോഹിണിയിൽ അദ്ദേഹത്തിന്റെ ഭീമാകാരമായ പ്രതിമയുടെ അനാവരണവും അന്നേ ദിവസം നടക്കും.


കവി എന്നതിലുപരി മികച്ച പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും ഹിന്ദി പ്രചാരകനുമാണ് ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി.'പരഗ്രഹി', 'മഹാത്മാഗാന്ധി', 'തിരിച്ചറിവ്', 'ഹൃദയ് കി ഉദ്ഗാർ', ആവാസ് ദിൽ കീ, ബദൽതേ സമാജ് , ശബ്ദ് ബോൽതേ ഹേ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഉത്തരേന്ത്യയിലെ നാൽപതിലധികം സംയുക്ത ഹിന്ദി കവിതാ സമാഹാരങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ജീവൻ സാഥി'എന്ന പുതിയ കവിതാസമാഹാരം ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്.   സപര്യ സാംസ്കാരിക സമിതിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റായ ഇദ്ദേഹത്തിന് തുഞ്ചൻ കവിതാ പുരസ്കാരം, ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്‌കാരം, കബീർ കോഹിനൂർ ദേശീയ സാഹിത്യ വിവർത്തന പുരസ്‌കാരം, മഹാകവി തുളസി സമ്മാൻ , മഹാദേവി വർമ്മ പുരസ്‌കാരം, ഹിന്ദി കീർത്തി അവാർഡ്, ആധുനിക് നിരാല സമ്മാൻ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

No comments