Breaking News

കടന്നല്‍ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍


നീലേശ്വരം: കടന്നല്‍കൂട്ടത്തിന്‍റെ അക്രമണത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തി മണ്‍പാത്രവില്‍പ്പനക്കാരിയായ സ്ത്രീയെ രക്ഷപ്പെടുത്തി. 

എന്നാല്‍ കടന്നലുകളുടെ കുത്തേറ്റ് ഡ്രൈവറും ആശുപത്രിയിലായി. കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ നീലേശ്വരം  കണിച്ചിറയിലെ കെ.രഞ്ജീവൻ(49) ആണ് കടന്നലുകളുടെ അക്രമണത്തില്‍ നിന്നും മണ്‍പാത്രവില്‍പ്പനക്കാരിയായ എരിക്കുളത്തെ കസ്തൂരിക്ക് രക്ഷകനായത്. രാവിലെ 9 മണിയോടെ ചെറുവത്തൂര്‍-കയ്യൂര്‍ വഴി നീലേശ്വരത്തേക്കുള്ള യാത്രക്കിടയിലാണ് കയ്യൂര്‍ അരയാക്കടവ് പാലത്തില്‍ വെച്ച് കസ്തൂരിയെ കടന്നല്‍കുത്തുന്നത് കണ്ടത്. ബസ് കുറേദൂരം മുന്നോട്ട് കൊണ്ടുപോയി യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയശേഷം രഞ്ജീവൻ ഓടിവന്ന് കസ്തൂരിയെ ദേഹത്ത് ഷാൾ പുതച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് രഞ്ജീവനും കടന്നൽ കുത്തേറ്റത്. പിന്നീട് കടന്നല്‍കുത്തിന്‍റെ വേദന സഹിച്ചുകൊണ്ട് ബസ് നീലേശ്വരം ബസ്റ്റാന്‍റിലേക്കെത്തിച്ച് യാത്രക്കാരെ ഇറക്കിയശേഷം രഞ്ജീവൻ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കസ്തൂരിയെ കയ്യൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

No comments