ചന്ദ്രഗിരി കോട്ടയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കും
കാസർഗോഡ് : സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിട്ടു നൽകിയ ജില്ലയിലെ പ്രധാന വിനോദസഞ്ചാര- കേന്ദ്രമായ ചന്ദ്രഗിരി കോട്ട ജില്ലാ കളക്ടർ സന്ദർശിച്ച് വിലയിരുത്തി. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.
പുരാവസ്തു പൈതൃക ഭംഗിക്ക് കോട്ടം തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ ഉടൻ പൂർത്തിയാക്കാനും, കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശം നൽകി. ഇതിനുപുറമെ, കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനുമായി ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ശുചിമുറികളും ഒരുക്കും. അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയെ ഒരു ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള വിവിധ ഇവന്റുകൾക്കുള്ള ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
No comments