Breaking News

കൊളത്തൂരിലെ യുവ കർഷക ശ്രീവിദ്യയുടെ പൊയിനാച്ചി ദേശീയ പാതയ്ക്കരികിലെ പാടത്ത് സൂര്യകാന്തി പൂത്തുലഞ്ഞ് നിൽക്കുന്നത് വേറിട്ട കാഴ്ചയാവുന്നു


ഉദുമ : കൊളത്തൂരിലെ യുവ കർഷക ശ്രീവിദ്യയുടെ പൊയിനാച്ചി ദേശീയ പാതയ്ക്കരികിലെ പാടത്ത് ഇപ്പോൾ സൂര്യകാന്തി പൂത്തുലഞ്ഞ് നിൽക്കുന്നു. ഗുണ്ടൽപേട്ടിനെ പോലെ നിരവധിപേർ നാട്ടിലെ സൂര്യകാന്തി പാടം കാണാനും ഫോട്ടോയ്ക്ക് ഫോസ് ചെയ്യാനും പൊയിനാച്ചിയിൽ എത്തുന്നുണ്ട്. ചെറിയൊരു ഫീ ഇതിനായി സന്ദർശകരിൽ നിന്നും ഈടാക്കും. രണ്ടു വർഷം മുമ്പാണ് ശ്രീവിദ്യ കൃഷിപ്പാടത്ത് സൂര്യകാന്തി കൂടി പരീക്ഷിച്ചത്. ബേടഡുക്ക പഞ്ചായത്തിലെ കൊളത്തൂരും ചെമ്മനാട് പഞ്ചായത്തിലലെ പൊയിനാച്ചിയിലുമാണ് ഈ യുവ കർഷകയുടെ കൃഷിപ്പാടം. തണ്ണിമത്തനും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. 2020ൽ സംസ്ഥാന സർക്കാറിന്റെ മികച്ച യുവ കർഷകയ്ക്കുള്ള അവാർഡ് ശ്രീവിദ്യക്കായിരുന്നു. ആറേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. വലിയ വെല്ലുവിളികളോടെ ചെങ്കൽപ്പാറ പ്രദേശത്ത് മണ്ണിട്ട് ഉയർത്തിയും ഭൂമി തട്ടുകളായി തിരിച്ചുമെല്ലാമാണ് കൃഷി. നിരവധി അംഗീകാരങ്ങളും ശ്രീവിദ്യയുടെ അധ്വാനത്തിന് ലഭിച്ചിട്ടുണ്ട്. കേരള കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേൽ സന്ദർശിച്ച സംഘത്തിൽ അംഗമായിരുന്നു.അവിടെനിന്നു കിട്ടിയ അറിവു കൂടി പ്രയോഗിച്ചാണ് ശ്രീവിദ്യയുടെ 'പൂങ്കാവനം അഗ്രി' വിജയം കൊയ്യുന്നത്. ചുവപ്പ് നിറത്തിലുള്ള സാധാരണ തണ്ണിമത്തനൊപ്പം ഓറഞ്ച്, മഞ്ഞ ഇനങ്ങളും കൃഷി ചെയ്യുന്നു.. പാഷൻ ഫ്രൂട്ട് കൃഷിയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരിനം. പഴത്തിനു നല്ല വില ലഭിച്ചതിനൊപ്പം ജാം, അച്ചാർ പോലുള്ള മൂല്യവർധിത ഉത്പന്നങ്ങളും ഉണ്ടാക്കി. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും മക്കളായ രേവതി കൃഷ്ണയും ശിവനന്ദും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. അച്ഛനും അമ്മയും സഹോദരനും കൃഷിയിൽ സഹായിക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പച്ചക്കറികളും പഴങ്ങളുടേയും വിൽപ്പന കൂടുതലും നടത്തുന്നത്.

No comments