മാവുങ്കാലിലെ ഓവുചാൽ നിർമാണം: റവന്യൂസംഘം സർവേ നടത്തി
കാഞ്ഞങ്ങാട് : ദേശീയപാതാ നവീകരണത്തിൽ മാവുങ്കാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമാണം നാട്ടുകാർ തടഞ്ഞ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയും കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുത്തും സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും ഡ്രൈവർമാരുംപ്രതിഷേധവുമായി രംഗത്തെത്തിയത്. പൊന്നുംവില കൊടുത്ത് വാങ്ങിയ സ്ഥലം കൃത്യമായി അളന്നുതിട്ടപ്പെടുത്തി മുഴുവനായും റോഡ് വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കരാർ കമ്പനി ചൊവ്വാഴ്ച പണികൾ നിർത്തിവെച്ചിരുന്നു. ബുധനാഴ്ച ഹൊസ്ദുർഗ് തഹസിൽദാർ പി.കെ.പ്രേമാനന്ദിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരുടെ സാന്നിധ്യത്തിൽ സർവേ നടത്തി റോഡ് അതിർത്തികൾ തിട്ടപ്പെടുത്തി. രണ്ടിടത്ത് ചെറിയ കൈയേറ്റം നടന്നതായി കണ്ടെത്തിയതായും ഉടമയോട് നിർമാണം പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റവന്യൂ അധികൃതർ വെളിപ്പെടുത്തി.
No comments