ശുചീകരണത്തിന് കൈകോർത്ത് പനത്തടി; വിദ്യാർത്ഥികൾക്ക് വന്ദേഭാരത് യാത്ര, സന്നദ്ധപ്രവർത്തകർക്ക് സമ്മാനങ്ങൾ
പാണത്തൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയുമായി പനത്തടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്. പാണത്തൂർ ടൗണിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും സന്നദ്ധപ്രവർത്തകർക്കും പ്രോത്സാഹനമായി യാത്രകളും സമ്മാനങ്ങളും നൽകി വാർഡ് മെമ്പർ ശ്രദ്ധേയനായി.
ശുചീകരണത്തിൽ സജീവമായി പങ്കെടുത്ത വാർഡിലെ വിദ്യാർത്ഥികൾക്ക് കാസർഗോഡ് മുതൽ കണ്ണൂർ വരെ വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാനുള്ള അവസരമാണ് വാർഡ് മെമ്പർ കെ.ജെ. ജെയിംസ് ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറയെ ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നടത്തിയ നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സമ്മാനമായ 1200 രൂപ വിലയുള്ള പട്ടുസാരി മാപ്പിളച്ചേരി മിനി വിനോദിനും, രണ്ടാം സമ്മാനമായ അഞ്ച് ലിറ്ററിന്റെ പ്രഷർ കുക്കർ ശ്രീന ഗംഗാധരനും ലഭിച്ചു. വാർഡ് മെമ്പർ കെ.ജെ. ജെയിംസ് സമ്മാനദാനം നിർവ്വഹിച്ചു.
ചടങ്ങിൽ ജെ.എച്ച്.ഐ. പ്രശാന്ത്, എ.ഡി.എസ്. പ്രസിഡന്റ് കാവ്യാ അനീഷ് എന്നിവർ സംസാരിച്ചു. ടൗണിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഓടകൾ വൃത്തിയാക്കാനും നൂറിലധികം സന്നദ്ധപ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
No comments