പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സേവനം പുനഃസ്ഥാപിച്ചു; പുതിയ ഡോക്ടർ ചുമതലയേറ്റു
പൂടങ്കല്ല്: ഡോക്ടർമാരുടെ കുറവ് മൂലം നിയന്ത്രിച്ചിരുന്ന പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെ രാത്രികാല സേവനം ഇന്ന് മുതൽ പഴയപടിയായി. നേരത്തെ എട്ട് ഡോക്ടർമാരെ ഉപയോഗിച്ചാണ് ആശുപത്രിയിൽ 24 മണിക്കൂർ സേവനം നൽകിയിരുന്നത്. എന്നാൽ ഇന്നലെ ഒരു ഡോക്ടർ പിജി പഠനത്തിനായി പോയതോടെ ഡോക്ടർമാരുടെ എണ്ണം ഏഴായി കുറയുകയും, ഇതേത്തുടർന്ന് ഏപ്രിൽ 1 മുതൽ രാത്രികാല സേവനം 8 മണി വരെയായി പരിമിതപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയും ചെയ്തിരുന്നു .
എന്നാൽ പുതിയ ഡോക്ടർമാരെ കണ്ടെത്താനുള്ള ആശുപത്രി അധികൃതരുടെ ശ്രമങ്ങൾ വേഗത്തിൽ ഫലം കണ്ടു. ഇന്ന് രാവിലെ ഒരു പുതിയ ഡോക്ടർ ജോലിയിൽ പ്രവേശിക്കുമെന്ന് അറിയിച്ചതോടെ, നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ മെഡിക്കൽ ഓഫീസർ തീരുമാനിക്കുകയായിരുന്നു. പുതിയ ഡോക്ടർ എത്തിയതോടെ ആശുപത്രിയിൽ തടസ്സമില്ലാതെ 24 മണിക്കൂർ സേവനവും ലഭ്യമാകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. രാത്രികാല സേവനം ലഭിക്കില്ലെന്ന ആശങ്കയിലായിരുന്ന മലയോര മേഖലയിലെ രോഗികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായി.
No comments