Breaking News

പാചകവാതക സിലിൻഡറിന് വില ഇരട്ടി ; ജില്ലയിൽ ഷട്ടർ വീണത്‌ 240 ഹോട്ടലുകൾക്ക്‌ 
 5,000 പേരുടെ തൊഴിലുംപോയി


കാസർകോട് : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് വില ഇരട്ടിയായതോടെ ജില്ലയിൽ ഷട്ടർ താഴ്ത്തുന്ന ഹോട്ടലുകളുടെ എണ്ണവുംകൂടി. വിഭവങ്ങൾ കുറച്ച് അടച്ചുപൂട്ടൽ പരമാവധി ഒഴിവാക്കാൻ ചില ഹോട്ടലുകൾ ശ്രമിക്കുന്നുണ്ടെങ്കിലും 240 ചെറുകിട ഹോട്ടലുകളാണ് ഒരാഴ്ചക്കിടെ ജില്ലയിൽ പൂട്ടിയത്. ഏകദേശം 5000 തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു. പാചക ജോലിക്കാർ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരാണെങ്കിലും സപ്ളയർമാരടക്കും ജില്ലക്കാരായ ആയിരത്തോളം തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. “ സങ്കടമുണ്ട് സ്വാമീ, ഭയങ്കര ചിലവാണ്. സാധാരണ പരമാവധി വിലകുറച്ചാണ് സാധാരണക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ നൽകിയത്. ഇപ്പോൾ ദിവസവും ഏഴായിരത്തോളം രൂപയുടെ അധിക ചെലവുവരുന്നു. ഈ ഹോട്ടലിനെ ആശ്രയിച്ച് ജീവിക്കുന്ന എട്ട് തൊഴിലാളികളുണ്ട്. പുറത്തെ ചൂടിനൊപ്പം ഉള്ളും പൊള്ളുകയാണ്. മുതലാളിയെന്ന് പേരുണ്ടെങ്കിലും തൊഴിലാളികൾക്കൊപ്പം നിന്ന് പണിയെടുത്താണ് പ്രതിസന്ധിയെ നേരിടുന്നത്, ചെറുകടികൾക്കും ദോശക്കും വടയ്ക്കും വിലകൂട്ടാതെ പിടിച്ചുനിൽക്കുക പ്രയാസം "- കാസർകോട് പുതിയ ബസ്സ്റ്റാൻഡിലെ ലക്ഷ്മി ടിഫിൻസ് ഉടമ പ്രമോദ്കുമാർ പുലിക്കുന്നിന്റെ വാക്കുകളിലുണ്ട് സങ്കടം. കാസർകോട് നഗരത്തിൽ എട്ട് ചെറുകിട ഹോട്ടലുകളാണ് പൂട്ടിയത്. നഗരസഭുടെ ലൈസൻസുള്ള 64 ഹോട്ടലുകളാണ് കാസർകോട് നഗരത്തിലുള്ളത്. ഈ ഹോട്ടലുകൾക്കായി ദിവസം 680 പാചകവാതക സിലിൻഡറുകൾ വേണം. ഇതല്ലാതെ തട്ടകുളടക്കം 150 ഭക്ഷണ ശാലകൾ വേറെയും. 19കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് വർധിച്ചത്. ഇതോടെ സിലിൻഡർ വില 3000രൂപയും കടന്നു. അഞ്ച് കിലോ സിലിൻഡറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 1498രൂപയാണ് വില വർധിച്ചത്. ഇതുപ്രകാരം ചില ഹോട്ടലുകൾക്ക് ദിവസം 8000 രൂപ വരെ അധിക ചിലവുവരും. മൂന്ന് സിലിൻഡറുകൾ ഉപയോഗിക്കുന്ന ഒരുഹോട്ടലിന് അധികമായി 3000 രൂപ ചെലവാകുന്നു. പ്രതിസന്ധി നീണ്ടുപോയാൽ കടകൾ അടയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. പൂട്ടിയാൽ തൊഴിലാളികൾക്ക് പണിയില്ലാതാകും. സ്വദേശത്തേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുമോയെന്ന ആശങ്കയുമുണ്ട്. ചിലയിടങ്ങളിൽ ആശുപത്രികളോട് അനുബന്ധിച്ചുള്ള കാന്റീനുകളും പൂട്ടിയതോടെ പാവപ്പെട്ട രോഗികളാണ് വലയുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ വിതരണം വലിയ ആശ്വാസമാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമിപ്പോൾ. സിലിൻഡർ ക്ഷാമം മുതലെടുത്ത് ചില ഹോട്ടലുകൾ വൻതോതിൽ വില കൂട്ടിയെന്ന പരാതിയുമുണ്ട്. ബിരിയാണിക്ക് 25 രൂപവരെ കൂട്ടിയ ഹോട്ടലുകളുണ്ട്. നോൺവെജ് കറികൾക്കും ഫ്രൈകൾക്കും 30 രൂപവരെ കൂടി.

No comments