Breaking News

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ച് നൽകുകയും പിന്നീട് വിൽപ്പന നടത്തുകയും ചെയ്യുന്ന റാക്കറ്റിന്റെ തലവൻ അറസ്റ്റിൽ


കാസർകോട്: കാറുകൾ വാടകയ്ക്കെടുത്ത് മറിച്ച് നൽകുകയും പിന്നീട് വിൽപ്പന നടത്തുകയും ചെയ്യുന്ന റാക്കറ്റിന്റെ തലവൻ അറസ്റ്റിൽ. കാഞ്ഞങ്ങാട്, ആവിക്കര, ബീച്ച് റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസുദ്ദീൻ മുഹമ്മദി(44)നെയാണ് വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ എം.പി വിനീഷും സംഘവും അറസ്റ്റു ചെയ്തത്. വിദ്യാനഗർ സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയിന്മേൽ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ മുഹമ്മദ് പിടിയിലായത്. ആളുകളിൽ നിന്നു രണ്ടോ, മൂന്നോ മാസത്തേക്ക് കാർ വാടകക്കെടുക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. വാടകക്ക് എടുക്കുന്ന കാർ പിന്നീട് മറ്റു പലർക്കും മറിച്ചു വാടകക്കു നൽകും. ഒന്നിൽ കൂടുതൽ തവണ കാർ വാടകക്കു മറിച്ചു നൽകിയ ശേഷം കാർ എറണാകുളത്തെത്തിക്കുകയും ഒരു റാക്കറ്റിനു വിൽപ്പന നടത്തുകയും ചെയ്യും. കാറിന്റെ ഉടമ അന്വേഷിച്ചെത്തുമ്പോൾ മുങ്ങി നടക്കലാണ് ഷംസുദ്ദീൻ മുഹമ്മദിന്റെ രീതിയെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിദ്യാനഗർ, കാസർകോട്, ബദിയഡുക്ക, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി സമാനരീതിയിൽ 80 കാറുകൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കണ്ണൂർ, എറണാകുളം ജില്ലകളിലും സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായും സൂചനയുണ്ട്. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷംസുദ്ദീൻ മുഹമ്മദിനെ പിടികൂടിയ സംഘത്തിൽ വിദ്യാനഗർ എസ്ഐ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

No comments