Breaking News

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ഇന്ന് തുടക്കമാവും കലവറ നിറക്കൽ ഘോഷയാത്ര നടന്നു


ചീമേനി  : ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. 10 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടം 15-ന് സമാപിക്കും. നാട്ടുപരദേവതയായ ശ്രീ വിഷ്ണുമൂർത്തി, രക്തേശ്വരിയായ രക്തചാമുണ്ഡി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന തെയ്യങ്ങൾ. അഞ്ചിന് രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 10-ന് രക്തചാമുണ്ഡേശ്വരിയുടെ തോറ്റം. ആറിന് രാവിലെ ഒൻപതിന് രക്തചാമുണ്ഡേശ്വരി തെയ്യം, ഉച്ചയ്ക്ക് 12-ന് വിഷ്ണുമൂർത്തി തെയ്യം. സമാപനദിവസമായ 15-ന് രാവിലെ ഒൻപതിന് രക്തചാമുണ്ഡേശ്വരി തെയ്യവും ഉച്ചയ്ക്ക് ഒരുമണിക്ക് വിഷ്ണുമൂർത്തി തെയ്യവും അരങ്ങിലെത്തും. മറ്റ് ദിവസങ്ങളിൽ രാത്രിയിൽതന്നെ എല്ലാ തെയ്യങ്ങളും അരങ്ങിലെത്തും. എല്ലാ ദിവസങ്ങളിലും നേർച്ച, തുലാഭാരം, മറ്റ് പ്രാർഥനകൾ എന്നിവയും ഉണ്ടാകും.

കലവറ നിറച്ചു

കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ധർമശാസ്താക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് പാറമ്മൽ ദേവസ്ഥാനം, കരിയാപ്പിൽ ഭഗവതിക്ഷേത്രം. ചക്കാല ദേവസ്ഥാനം, മുത്തപ്പൻ മടപ്പുര വഴി ചീമേനി ടൗണിലൂടെയാണ് കലവറയിലേക്കുള്ള വിഭവങ്ങൾ തലയിലേറ്റി ഘോഷയാത്ര ചീമേനിമുണ്ടയിലെത്തിയത്. കളിയാട്ടത്തിൽ കൂടാനും പ്രാർഥനാ സമർപ്പണവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ദക്ഷിണ കർണാടകയിൽനിന്നും ഉൾപ്പെടെ അഞ്ചുലക്ഷത്തോളം ആളുകൾ മഞ്ഞൾ പ്രസാദം ഏറ്റുവാങ്ങാനായി ക്ഷേത്രത്തിലെത്തും. ഭക്തജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ നടപ്പാലവും കോൺക്രീറ്റ് റോഡ് പണിയാനും ശൗചാലയസമുച്ചയം ആധുനികരീതിയിൽ മെച്ചപ്പെടുത്താനും മാലിന്യസംസ്കരണകേന്ദ്രം നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.


No comments