കുട്ടികളെ സിനിമ പഠിപ്പിക്കാൻ നെല്ലിക്കക്കാരനെ ഇടിച്ചിട്ട മാങ്ങാണ്ടി! കാസർകോട് ഗവ. യുപി സ്‌കൂളിന്റെ ചലച്ചിത്ര പഠനക്യാന്പിലെത്തിയ സിനിമാനടൻ രാജേഷ് മാധവൻ
കാസർകോട് : വെള്ളപ്പൊക്കത്തിൽ കളിച്ചുതിമിർക്കുന്ന കുട്ടികളെ ചിത്രീകരിക്കാൻ കനത്ത മഴയ്ക്കുവേണ്ടി കാത്തിരുന്ന കാലം... വെയിലിനുവേണ്ടിയും സന്ധ്യയ്ക്കുവേണ്ടിയും രാത്രിക്കും ഇരുട്ടിനും നിലാവിനുമായി ഏറെ കാത്തിരുന്നതായിരുന്നു കുറച്ചു മുന്പത്തെ സിനിമാക്കാലം. അന്ന് സിനിമയെന്നത് എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നമായിരുന്നുവെങ്കിൽ ഇന്നത് ഒരു സ്മാർട്ട് ഫോണിന്റെ തുന്പിൽപോലും ഭദ്രമാണ്... സംവിധായകനും നടനുമായ രാജേഷ് മാധവൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഏഴാംക്ലാസുകാരി വൈഗ തൊട്ടടുത്തിരുന്ന കാർത്തികേയനോട് പറഞ്ഞത്. ഈ മാമനെ ഏടയോ കണ്ടില്ലേ. 'ആടാ.. ഈനിടക്ക് ടിവിയിൽ വന്ന മഹേഷിന്റെ പ്രതികാരം സിനിമയിൽ ജനഗണമന സ്കൂളിൽനിന്ന് പാടുന്നതുകൊണ്ട് അടി കിട്ടാതെ പോയ ആളല്ലേ, അതേ' ... അതുതന്നെ. ഇടയ്ക്കുകയറി കുട്ടികൾ അതുചോദിച്ചപ്പോൾ പറഞ്ഞു. രാജേഷിന്റെ മറുപടി അതെ ആ മാങ്ങാണ്ടി തന്നെ ഞാൻ, നെല്ലിക്കയുമായെത്തിയ സൈക്കിൾ മറിച്ചിട്ട മാങ്ങാണ്ടി. പക്ഷെ എന്റെ വീടും ഈട തന്നെയാണ്ട്ടാ.. മെന്പർ താഹിറിന്റെ സൈക്കിളിൽ ഇടിച്ചപ്പോഴും നെല്ലിക്കക്കാരന്റെ കച്ചോടം മുട്ടിച്ചപ്പോഴും തോന്ന്യാസത്തിൽനിന്ന് രക്ഷപ്പെടാൻ ദേശീയതയെ കൂട്ടുപിടിച്ച് ചിരിപടർത്തിയ രാജേഷ് കാസർകോട് ജിയുപി സ്കൂളിൽ സംഘടിപ്പിച്ച സിനി സെസ്റ്റ് ചലച്ചിത്ര ക്യാന്പിന് മുഖ്യാതിഥിയായെത്തിയപ്പോഴും കുട്ടികളുടെ മുന്നിൽ നിറഞ്ഞുനിന്നു. സാധാരണ കുട്ടികളുടെ സിനിമയെന്ന് വിളിക്കുന്നതെല്ലാം കുട്ടികളുടെ വീക്ഷണത്തിൽനിന്ന് മുതിർന്നവർ പറയുന്ന കഥകളാണ്. എങ്കിലും അത് ഒരുപോലെ എല്ലാവരെയും സ്വാധീനിക്കുന്നു. എത്ര മുതിർന്നാലും, എല്ലാവർക്കുമുള്ളിൽ ഒരു കൊച്ചു കുട്ടി ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടാണ് കുട്ടികളുടെ സിനിമകൾ പ്രായത്തിനും, ദേശത്തിനുമപ്പുറം എല്ലാവരുടേതുമാവുന്നതെന്നും രാജേഷ് പറഞ്ഞു. ലോക പ്രശസ്തമായ 24 സിനിമകളാണ് രണ്ടു ദിവസമായി നടന്ന ക്യാന്പിൽ കുട്ടികൾ ആസ്വദിച്ചത്. ഓരോ സിനിമ കഴിയുന്പോഴും അതേക്കുറിച്ച് ക്യാന്പ് ഡയറക്ടർ എ ശ്രീകുമാറിന്റെ ലഘുവിവരണം.മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, ചാർലി ചാപ്ലിന്റെ ദി കിഡ്, കിംകി ഡുക്കിന്റെ സിപ്രിങ്, സമ്മർ, ഫാൾ എ വിന്റർ തുടങ്ങി പ്രശസ്തമായ സിനിമകൾ കുട്ടികൾ കണ്ടു. ശേഷം എല്ലാവരും ആസ്വാദനക്കുറിപ്പുമെഴുതി. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. റാഷിദ് പൂരണം അധ്യക്ഷനായി. എ ശ്രീകുമാർ ക്യാന്പിനെപ്പറ്റി വിശദീകരിച്ചു. കെ സി ലൈജുമോൻ, എ പി മീനാകുമാരി, ആശാ ബാബു, വിജയൻ ശങ്കരന്പാടി, അൻവിത് ഷെട്ടി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഭാരതി സ്വാഗതവും സർവമംഗള റാവു നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി.
No comments