Breaking News

അഭിമാനം ജില്ലാ ആശുപത്രി കാത്ത്‌ ലാബ്..‌ എഴുപത്തൊന്നുകാരന്‌ നടത്തിയ 
റോട്ടോബ്ലേഷന്‍ വിജയകരം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗമായ കാത്ത് ലാബിൽ കാഞ്ഞങ്ങാട് സ്വദേശിയായ എഴുപത്തൊന്നുകാരന് നടത്തിയ റോട്ടോബ്ലേഷൻ വിജയകരം. കാർഡിയോളജിസ്റ്റ് ഡോ. രാജിരാജന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗ ചികിത്സാവിഭാഗമാണ് ഈ നേട്ടം കൈവരിച്ചത്. ചികിത്സ പൂർത്തിയാക്കി രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഹൃദയധമനികളിൽ കഠിനമായ കാത്സ്യം അടിഞ്ഞുകൂടി സാധാരണ രീതിയിലുള്ള ആൻജിയോപ്ലാസ്റ്റി/ സ്റ്റെൻഡിങ് സാധ്യമാകാതെ വരുമ്പോഴാണ് 'റോട്ടബ്ലേഷൻ' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. റോട്ടബ്ലേഷൻ ഡയമണ്ട് ഘടിപ്പിച്ച ഒരു ചെറിയ ഡ്രിൽ ഉപയോഗിച്ച് ധമനികളിലെ കഠിന്യമേറിയ കാത്സ്യം പൊടിച്ചു കളയുന്ന രീതിയാണിത്. ആവശ്യാനുസരണം ഡ്രില്ലിന്റെ സ്പീഡ് ക്രമീകരിച്ചാണ് റോട്ടാബ്ലേഷൻ പൂർത്തിയാക്കുന്നത്. ഇതിനുശേഷം സാധാരണ രീതിയിൽ ധമനിയിൽ സ്റ്റെൻഡ് സ്ഥാപിച്ച് രക്തയോട്ടം പൂർവസ്ഥിതിയിലാക്കുന്നു. ജില്ലയിൽ ഇത്തരം സങ്കീർണ ഹൃദയശസ്ത്രക്രിയ ഇതാദ്യമായാണ്. കാത്താബ് യൂണിറ്റിന്റെയും മേധാവി ഡോ. രാജി രാജന്റെയും പ്രവർത്തനം അഭിനന്ദാനാർഹമാണെന്ന് ഡിഎംഒ. ഡോ. ബി സന്തോഷും ആശുപത്രി സൂപ്രണ്ട് ഡോ. എ പി ജീജയും പറഞ്ഞു.2023 ജനുവരിയിലാണ് ജില്ലാ ആശുപത്രിയിൽ കാത്താബ് പ്രവർത്തനമാരംഭിച്ചത്. കാർഡിയോളജിസറ്റ് ഡോ. രാജി രാജന്റെ നേതൃത്വത്തിൽ പരിമിതികൾക്കുള്ളിൽ നിന്ന് ഏപ്രിൽ 30 വരെ 1,426 രോഗികൾക്ക് ആൻജിയോഗ്രാം നടത്തി. 879 പേർക്ക് ആൻജിയോ പ്ലാസ്റ്റിയും 823 പേർക്ക് ഹോൾട്ടർ ചികിത്സയും നടത്തി. 13,211 പേർക്ക് ഹൃദ്രോഗ സാധ്യത കണ്ടെത്താനുള്ള എക്കോയും 2,193 പേർക്ക് ടിഎംടിയും നടത്തി. കാത്താബിൽ മൂന്ന് വർഷമായിട്ടും ഹൃദ് രോഗ വിഭാഗത്തിൽ നിലവിൽ രണ്ട് തസ്തിക മാത്രമേയുള്ളൂ. ആവശ്യമായ എല്ലാ തസ്തികയും അനുവദിച്ചാൽ നൂറുകണക്കിന് നിർധന രോഗികൾക്ക് ആശ്വാസമാകും.

No comments