Breaking News

വിനോദ സഞ്ചാരം അനന്ത സാധ്യതകളുമായി 
 കിനാനൂർ–കരിന്തളം


കരിന്തളം : ഗ്രാമീണ വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതകളുമായി കിനാനൂർ- കരിന്തളം പഞ്ചായത്ത്. പഞ്ചായത്തിലെ കാരിമൂല കോട്ടക്കുന്ന്, കടലാടിപ്പാറ പ്രദേശങ്ങൾ ഇത്തരത്തിൽ ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണ്. ഗ്രാമീണ ജീവിതം, കല, സംസ്കാരം, പൈതൃകം എന്നിവ കോർത്തിണക്കി പകർന്നുനൽകാനും അതുവഴി നാടിന് സാമ്പത്തികമായും സാമൂഹികമായും പ്രയോജനമുണ്ടാക്കാൻ ഇത്തരം പദ്ധതികൾക്ക് സാധിക്കും. കാരിമൂലയിലെ കോട്ടക്കുന്ന് കുന്നിൻ പ്രദേശത്തുനിന്നുള്ള തേജസ്വിനി പുഴയുടെ ദൃശ്യവും അരയാക്കടവ് പാലവും അസ്തമന കാഴ്ചയും ആരുടെയും മനം കവരും. നീലായി വളവ് മുതൽ കീഴ്മാല പാലാട്ട് കടവ് വരെ പുഴയിൽ കയാക്കിങ് സംവിധാനവും ഏർപ്പെടുത്താം. പുഴയിൽ മൂന്നോളം ചെറു തുരുത്തുകളുമുണ്ട്. ഇവിടെ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാം. കോട്ടക്കുന്നിൽനിന്ന് പുഴയിലൂടെ കയ്യൂരിലേക്ക് റോപ്പ് വേ ഏർപ്പെടുത്താനാവും. കോട്ടക്കുന്നിൽ ഇരിപ്പിടങ്ങളും പുഴയുടെ ഭാഗത്തേക്ക് പടവുകളും ഗ്യാലറിയും നിർമിച്ചാൽ സഞ്ചാരികൾക്ക് സായാഹ്നം ആസ്വദിക്കാം. ഇക്കോ ടൂറിസത്തിന് സാധ്യതകളുള്ള പ്രദേശമാണ് കൂടോൽ കടലാടിപ്പാറ. അസ്തമന കാഴ്ച നുകരാൻ സായാഹ്നങ്ങളിൽ നിരവധിപേരാണ് ഇവിടെ എത്തുന്നത്. അപൂർവയിനം പൂമ്പാറ്റകളുടെയും ഓർക്കിഡുകളുടേയും ഡ്രാസേറ ഇൻഡിക്ക വിഭാഗത്തിൽ പെടുന്ന ഇരപിടിയൻ സസ്യമുൾപ്പെടെയുള്ള സസ്യ, ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമാണ് ഇവിടം. വിശാല താഴ്വരകളും ദൃശ്യഭംഗി നൽകുന്നു. ഇവിടെ കുട്ടികളുടെ പാർക്ക് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. പഞ്ചായത്തും സംസ്ഥാന സർക്കാരും മുൻകൈയെടുത്ത് പദ്ധതികൾ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments