കുടിവെള്ള ക്ഷാമം രൂക്ഷം ; കള്ളാർ പഞ്ചായത്തിൽ 27 കുഴൽകിണറുകൾ ഉപയോഗശൂന്യം...
രാജപുരം : കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കള്ളാർ പഞ്ചായത്തിൽ 27 കുഴൽകിണറുകൾ ഉപയോഗശൂന്യം. കടുത്ത വേനൽചൂടിൽ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നതിനിടയിലാണ് വിവിധ സർക്കാർ ഏജൻസികളുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുഴൽ കിണറുകളാണ് അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായി ഇരിക്കുന്നത്. കള്ളാർ പഞ്ചായത്തിലെ 15 വാർഡുകളിലും, ടൗൺ പ്രദേശങ്ങളിലും, ഉന്നതികളിലും കുടിവെള്ളത്തിനായി നിർമിച്ച കുഴൽകിണറുകൾ തകരാർ വരുമ്പോൾ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതെ പലതും ഉപേക്ഷിച്ചു. ആവശ്യത്തിന് വെള്ളമുള്ള കുഴൽകിണറുകളും മോട്ടോർ തകരാറുകളും, മറ്റു തകരാറുകളുംകാരണം വെള്ളംകിട്ടാതെ പദ്ധതിതന്നെ ഉപേക്ഷിച്ച സ്ഥിതിയാണ് ഉള്ളത്. പഞ്ചായത്തിലെ ഉന്നതികളിൽ വെള്ളം കിട്ടാക്കനിയാണ്. കടുത്ത വേനലിൽ പുഴകളും, തോടുകളും വറ്റി വരണ്ടതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
No comments