കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു... 14 കോടി രൂപയോളം മുടക്കിയുള്ള നവീകരണം 60 ശതമാനത്തോളം പൂർത്തിയായി
കാഞ്ഞങ്ങാട്: കുറ്റിക്കാടുകളും മാലിന്യക്കൂമ്പാരങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവുമൊന്നുമില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരം ആകെ മാറി. സ്റ്റേഷൻ നവീകരണണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങൾക്കുള്ളിൽ അടിമുടി മാറ്റമാണുണ്ടാകാൻ പോകുന്നത്. 14 കോടി രൂപയോളം മുടക്കിയുള്ള നവീകരണം 60 ശതമാനത്തോളം പൂർത്തിയായി.
വടക്കുഭാഗത്ത് പ്ലാറ്റ്ഫോമിനു മീതെകൂടി തീരദേശ ഗ്രാമക്കാർക്ക് കാഞ്ഞങ്ങാട്ടേക്ക് നടന്നെത്താൻ പാകത്തിലുള്ള മേൽനടപ്പാത വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. റെയിൽവേ ട്രാക്കിന്റെ മതിലിനപ്പുറം പടിഞ്ഞാറുഭാഗത്തുനിന്ന് ലിഫ്റ്റ് വഴി പാലത്തിലേക്കു കയറാം. രണ്ടാം പ്ലാറ്റ്ഫോമിലും ഒന്നാം പ്ലാറ്റ്ഫോമിലും ലിഫ്റ്റുകളുണ്ടാകും. മേൽനടപ്പാതയുടെ പണി പുരോഗമിക്കുകയാണ്. സ്റ്റേഷന്റെ മുൻഭാഗത്തെ പോർച്ച് മുഴുവനായും പൊളിച്ച് പണിയും. വീതിയും നീളവുമുള്ള പുതിയ പോർച്ച് വരുന്നതോടെ സ്റ്റേഷൻ മുറ്റം വിശാലമാകും. രണ്ടോ മൂന്നോ വാഹനങ്ങൾക്ക് ഒരേസമയം ആളുകളെ ഇറക്കാനും കയറ്റാനുമായി നിർത്തിയിടാൻ പാകത്തിലുള്ള സ്ഥലമുണ്ടാകും. സ്റ്റേഷന്റെ മുന്നിൽ ദീപ്തി തീയറ്ററിനോട് ചേർന്നുള്ള അതിർത്തിയിൽ മീറ്ററുകളോളം ഡ്രൈനേജ് നിർമിക്കുന്നു. ഇതിനായി ഇവിടെയുള്ള മരവും എ.ടി.എം. കൗണ്ടറുകളുമെല്ലാം നീക്കി പണി പുരോഗമിക്കുന്നു.
No comments