മാതൃകയായി 108 ആംബുലൻസ് നഴ്‌സും ജനപ്രതിനിധിയും; റോഡപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകരായി...
പാണത്തൂർ : സ്വന്തം പിതാവിനെ ആശുപത്രിയിലാക്കി മടങ്ങുകയായിരുന്ന 108 ആംബുലൻസ് നഴ്‌സും പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും റോഡപകടത്തിൽ ചോരയൊലിപ്പിച്ചു കിടന്ന അപരിചിതന് രക്ഷകരായി. പനത്തടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസും മകൻ ഡോമിനിക്കും സഹോദരന്റെ മകനും 108 ആംബുലൻസ് നഴ്‌സുമായ പാണത്തൂർ പട്ടുവത്തെ റോബിൻസ് കാരിയ്ക്കൽ, ഡ്രൈവർ മാവുങ്കാലിലെ സന്ദീപ് എന്നിവരാണ് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നന്മ മനസ്സിന് ഉടമകളായത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മംഗലാപുരത്ത് നിന്ന് പാണത്തൂരിലേക്ക് വരികയായിരുന്ന സംഘം കുമ്പള ബന്ദിയോട് ഹൈവേയിൽ വെച്ചാണ് അപകടം കാണുന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് രക്തത്തിൽ കുളിച്ച് കിടന്ന ആളെ കണ്ട് ആളുകൾ കൂടി നിന്നെങ്കിലും ആരും ആശുപത്രിയിൽ എത്തിക്കാൻ മുന്നോട്ട് വന്നിരുന്നില്ല. ഉടൻ തന്നെ റോബിനും സന്ദീപും കാർ നിർത്തി ഇറങ്ങുകയും, ആംബുലൻസ് നഴ്‌സ് കൂടിയായ റോബിൻ പരിക്കേറ്റയാൾക്ക് അടിയന്തിര പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.
തുടർന്ന് ആ വഴി വന്ന മറ്റൊരു കാർ കൈകാണിച്ച് നിർത്തി ഇവർ പരിക്കേറ്റയാളെ ബന്ദിയോട് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശുശ്രൂഷകൾ ഉറപ്പാക്കിയ ശേഷം വിവരം മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. ഇതിനിടയിൽ മംഗൽപാടി പഞ്ചായത്ത് അംഗം ഫാത്തിമത്ത് സുഹറയും ഭർത്താവും ആശുപത്രിയിൽ എത്തിച്ചേർന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ആൾ സുഖം പ്രാപിച്ചു വരുന്നതായിയാണ് വിവരം.
No comments