പള്ളിക്കര, പൂച്ചക്കാട്ട് ബി ജെ പി പ്രവർത്തകനെ ആക്രമിച്ച സംഭവം; പത്തു പേർക്കെതിരെ കേസ്
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം ബി ജെ പി പ്രവർത്തകനെ തടഞ്ഞു നിർത്തി ആക്രമിച്ചതായും ബിയർകുപ്പികൊണ്ട് അടിച്ച് ബൈക്കിനു കേടുപാട് വരുത്തിയതായും പരാതി. പൂച്ചക്കാട്, പുതിയപുരയിലെ പി ഹരീഷ് കുമാർ (36) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തിൽ മുക്കൂടിലെ അബ്ദുൽ റഹ്മാൻ, വാജിദ്, മൊയ്നു, റഫീഖ്, കണ്ടാൽ അറിയാവുന്ന ആറുപേർ എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഹരീഷ് കുമാർ. പൂച്ചക്കാട്ട് എത്തിയപ്പോൾ തടഞ്ഞു നിർത്തി ആക്രമിക്കുകയും ബിയർകുപ്പി കൊണ്ട് അടിച്ച് ബൈക്കിനു കേടുപാടു വരുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറഞ്ഞു.സ്ഥലത്തെ ബസ് വെയ്റ്റിംഗ് ഷെഡിനും നിർത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങൾക്കും കേടുപാട് വരുത്തി 80,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി കൂട്ടിച്ചേർത്തു.
No comments