Breaking News

കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിലെ മെക്കാഡം ടാറിങ് അവസാനഘട്ടത്തിൽ.. ടൗണുകളിൽ വേണം നാലുവരിപ്പാത


രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിലെ മെക്കാഡം ടാറിങ് അവസാനഘട്ടത്തിൽ. പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെത്തുടർന്ന് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ സംസ്ഥാനപാത വികസനമാണ് അവസാനഘട്ടത്തിലെത്തിയത്. മൂന്നുവർഷം മുമ്പാണ് പ്രവൃത്തി തുടങ്ങിയത്. പൂടംകല്ലിൽനിന്നും പാണത്തൂർ ചെറംകടവ് വരെ വരുന്ന 48 കിലോമീറ്റർ റോഡ് വികസനം അവസാന ഘട്ടത്തിലെത്തി. പൂടംകല്ല് മുതൽ മാവുങ്കാൽവരെ മെക്കാഡം ടാർചെയ്ത് പൂർത്തീകരിച്ചു. ബാക്കി വരുന്ന ഒരുകിലോ മീറ്റർ റോഡ് മെക്കാഡം ടാർചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 59.94 കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച പദ്ധതിയാണ്

അവസാനഘട്ടത്തിലെത്തിയത്. റോഡ് വികസനത്തിന് ഒപ്പം ആവശ്യമായ പാലം നിർമാണവും പൂർത്തീകരിച്ചു. ബളാംതോട് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. റോഡ് വികസനം വൈകുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കരാറുകാരന്റെ അനാസ്ഥ കാരണം പണി ഏറെക്കാലം നീണ്ടുപോയി. നിശ്ചയിച്ച സമയത്ത്

പൂർത്തീകരിക്കാനാകാത്തതിനെതുടർന്ന് നാല് തവണയാണ് കരാർ കാലാവധി സർക്കാർ നീട്ടിക്കൊടുത്തത്. 18 മാസമായിരുന്നു കാലാവധി. പൂടംകല്ല് മുതൽ പാണത്തൂർ വരെ ഒരുലെയർ മെക്കാഡം ടാറിങ്ങാണ് പൂർത്തിയാകുന്നത്. എന്നാൽ പല സ്ഥലങ്ങളിലും എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവർത്തിയല്ല നടന്നതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനപാതയ്ക്കരികിലെ പ്രധാന ടൗണുകളുടെ വികസനം ഒപ്പം നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. രാജപുരം, മാലക്കല്ല് ടൗണുകളിൽ പാത

നാലുവരിപ്പാതയാക്കുമെന്ന് എൻജിനീയർമാർ പറഞ്ഞിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയില്ല.


No comments