ക്ഷീരകർഷകർക്ക് കൈത്താങ്ങ് വീട്ടുമുറ്റത്തെത്തുന്നു; പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൃഗാശുപത്രി
കാഞ്ഞങ്ങാട് : ക്ഷീര കർഷകർക്കും മൃഗസംരക്ഷകർക്കും ആശ്വാസമേകി കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുടെ മൊബൈൽ വെറ്ററിനറി ക്ലിനിക് പദ്ധതി. അസുഖബാധിതരായ വളർത്തുമൃഗങ്ങളെയും കൊണ്ട് വെറ്ററിനറി ആശുപത്രികളിലേക്ക് അലയേണ്ടിവരുന്ന കർഷകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള വാഹനവും ഡോക്ടർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘവും കർഷകരുടെ ആവശ്യാനുസരണം നേരിട്ടെത്തി ചികിത്സ ഉറപ്പാക്കും. രോഗം ബാധിച്ച മൃഗങ്ങളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിലെ യാത്രാക്ലേശം പൂർണമായും ഒഴിവാക്കാൻ ഈ സേവനങ്ങൾ സഹായിക്കുന്നു. കഴിഞ്ഞ മെയിൽ ആരംഭിച്ച സഞ്ചരിക്കുന്ന ശസ്ത്രക്രിയാ ആശുപത്രി സേവനം ഒരുവർഷം പൂർത്തിയാക്കി.ദിവസവും പകൽ മൂന്നമുതൽ രാത്രി 10 വരെയാണ് സേവനം. അടിയന്തര സാഹചര്യങ്ങളിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും അത്യാവശ്യ മരുന്നുകളും പൂർണമായും സൗജന്യമായി ക്ഷീരകർഷകരുടെ വീടുകളിലെത്തി നൽകുന്നു. ഇതിനായി പ്രത്യേക വെറ്ററിനറി ആംബുലൻസും ഡോക്ടറുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ഗുണഭോക്താവിൽനിന്നും 100 രൂപയാണ് ചികിത്സക്കായി ഈടാക്കുന്നത്. പശുക്കൾ ഉൾപ്പെടെയുള്ള വലിയ മൃഗങ്ങൾക്കുള്ള സിസേറിയൻ, മുഴകൾ നീക്കം ചെയ്യൽ, ഹെർണിയ, റുമെനോടോമി, പിളർന്ന അണ്ണാക്ക് ശരിയാക്കൽ തുടങ്ങിയവയും ചെറിയ മൃഗങ്ങൾക്കുള്ള സങ്കീർണമായ ശസ്ത്രക്രിയകളും യൂണിറ്റ് വഴി വിജയകരമായി ചെയ്തുവരുന്നു. ശസ്ത്രക്രിയാ യൂണിറ്റിന് പുറമെയാണ് സാധാരണ ആശുപത്രി സമയം കഴിഞ്ഞുള്ള പ്രതിസന്ധികൾ മറികടക്കാൻ രാത്രികാല മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി സജീവമാക്കിയത്. ഫാർമസി, സർജിക്കൽ കെയർ സൗകര്യങ്ങളും പദ്ധതിയിലൂടെ ലഭ്യമാണ്. പ്രതിവർഷം 10 ലക്ഷം രൂപയാണ് പദ്ധതിക്കായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തുന്നത്. 19 ക്ഷീരസംഘങ്ങളുമായി ബന്ധമുള്ള ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ മൊത്തം 2300 കേസുകളിൽ സേവനം ലഭ്യമാക്കി. അഞ്ച് വെറ്ററിനറി ഡിസ്പെൻസറികളിലേക്ക് അസുഖബാധിതരായ പശുക്കളെ ശുശ്രൂഷിക്കുന്നതിന് 'കൗ ലിഫ്റ്റ്' യന്ത്രങ്ങൾ വാങ്ങി നൽകി. പരപ്പ ബ്ലോക്കിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുവഴി ചികിത്സ നൽകിയത് 3000 മൃഗങ്ങൾക്കാണ്. നിലവിൽ പ്രതിമാസം 70 മുതൽ 80 വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. പശു, ആട് എന്നിവയ്ക്കാണ് കൂടുതലായും ചികിത്സ നൽകിവരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ചെറിയ ശസ്ത്രക്രിയ ഉൾപ്പെടെ വീട്ടിലെത്തി ചെയ്തുകൊടുക്കുന്നു. ബാനത്ത് പശുവിന് പ്രസവത്തോട് അനുബന്ധിച്ച് ഗർഭാശയം പുറത്ത് വന്നപ്പോൾ തുണയായത് ബ്ലോക്കിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റാണ്. പ്രസവം കഴിഞ്ഞുള്ള ഗർഭാശയത്തിന്റെ പുറന്തള്ളൽ പശുക്കളിൽ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ സങ്കീർണതകളിലൊന്നാണിത്.
No comments